നല്ലേപ്പിള്ളിയിൽ മാലിന്യസംസ്കരണ പ്ലാന്റിൽ വൻഅഗ്നിബാധ
1517011
Sunday, February 23, 2025 6:06 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക്മാലിന്യസംസ്കരണ പ്ലാന്റിൽ വൻഅഗ്നി ബാധ. നല്ലേപ്പിള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽപ്പെട്ട വാര്യത്ത്കാട്ടിൽ പ്രവർത്തിക്കുന്ന ട്രോണോ പ്ലാസ്റ്റിക് എന്ന കമ്പനിയിലെ മാലിന്യത്തിനാണ് തീപിടിച്ചത്.
തീപിടിത്ത കാരണം അറിവായിട്ടില്ല. ക്ലീൻ കേരള കമ്പനി മുഖേന സ്വകാര്യ സ്ഥാപനത്തിനു കൈമാറിയ മാലിന്യങ്ങളിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് തീപടർന്നത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഹരിതകർമസേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്കു കൈമാറുകയും ഈ കമ്പനിയുമായി ധാരണയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലേക്ക് പ്ലാസ്റ്റിക് മാലിന്യം നൽകുകയുമാണ് ചെയ്തു വരുന്നത്.

ഏകദേശം 60 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ ഉണ്ടായിരുന്നതെന്നു ക്ലീൻ കേരള കമ്പനിയുടെ ഉദ്യോഗസ്ഥർ പറഞ്ഞു. അതിൽ പകുതിയിലേറെയും അഗ്നിക്കിരയായിട്ടുണ്ട്.
പാലക്കാട്, കഞ്ചിക്കോട്, കൊല്ലങ്കോട്, ചിറ്റൂർ എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകളെത്തി മണിക്കൂറുകളുടെ പരിശ്രമത്തിലാണ് തീ നിയന്ത്രണവിധേയമായത്.
എന്നാൽ ഇന്നലെ രാത്രി ഏറെ വൈകിയും അഗ്നിരക്ഷാ സേന തീ അണക്കൽ ശ്രമം നടത്തിയിരുന്നു. പ്ലാസ്റ്റിക് മാലിന്യം കത്തിയതിലുണ്ടായ പുക സമീപ വാസികളെ ഏറെ ഭയപ്പാടിലാക്കി. ഇതിനിടെ തീപിടിത്ത സംഭവത്തിൽ സാമൂഹ്യവിരുദ്ധരുടെ കയ്യാങ്കളി ഉണ്ടോ എന്ന് അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.