ചിനക്കത്തൂർ പൂരം : മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു നിർദേശം
1517204
Monday, February 24, 2025 1:27 AM IST
ഒറ്റപ്പാലം: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ആനകളെ ചിനക്കത്തൂർ പൂരം എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നു അധികൃതരുടെ മുന്നറിയിപ്പ്.
ചിനക്കത്തൂർ പൂരത്തിന് ആനയെഴുന്നള്ളിപ്പ് കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തന്നെ നടത്തണമെന്ന് പൂരംനടത്തിപ്പുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം സബ് കളക്ടർ ഡോ. മിഥുൻ പ്രേംരാജിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നിർദേശം.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ആനകളെ എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർതന്നെ യോഗത്തിൽ അറിയിച്ചു.
പൂരംദിവസം രാവിലെ വനം- മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മുഴുവൻ ആനകളെയും പരിശോധിക്കും. എലിഫന്റ് സ്ക്വാഡും എലിഫന്റ് റെസ്ക്യൂ സ്ക്വാഡും മുഴുവൻസമയവും പൂരപ്പറമ്പിലുണ്ടാകും. പൂരംദിവസം ഒറ്റപ്പാലംമുതൽ ലക്കിടിവരെയും പൂരപ്പറമ്പിലും പോലീസ് ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. പൂരപ്പറമ്പിൽ സിസി ടിവി നിരീക്ഷണവുമുണ്ടാകും.
ദേശക്കമ്മിറ്റി ഭാരവാഹികളുടെയും കുതിര, തേര്, തട്ടിൻമേൽക്കൂത്ത് പ്രതിനിധികളുടെയും യോഗങ്ങൾ പിന്നീട് പോലീസ് വിളിച്ചുചേർക്കും. പൂരംദിവസം പതിവുപോലെ പാലക്കാട്- കുളപ്പുള്ളി പാതയിൽ ഗതാഗത നിയന്ത്രണമുണ്ടാകും.
കുതിര, തേര് ഉൾപ്പെടെയുള്ള എഴുന്നള്ളിപ്പുകൾക്ക് തടസമാകുന്ന കെഎസ്ഇബി ലൈനുകളും കേബിൾ ടിവി ലൈനുകളും അഴിച്ചുമാറ്റി നൽകണമെന്നും നിർദേശംനൽകി.
വെടിക്കെട്ട് ജില്ലാ ഭരണകൂടത്തിന്റെയും കോടതിയുടെയും തീരുമാനങ്ങൾക്ക് വിധേയമായി നടത്താൻ സബ് കളക്ടർ നിർദേശിച്ചു. കടുത്ത വേനൽ പരിഗണിച്ച് പൂരപ്പറമ്പിൽ പരമാവധി കേന്ദ്രങ്ങളിൽ ശുദ്ധജലലഭ്യത ഉറപ്പാക്കും.
പൂരപ്പറമ്പിൽ താത്കാലിക ടാപ്പുകൾ സ്ഥാപിക്കണമെന്നു സബ് കളക്ടർ ജല അഥോറിറ്റിക്ക് നിർദേശംനൽകി. ഭക്ഷണ സ്റ്റാളുകളിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണമേൻമ ഉറപ്പാക്കാൻ പരിശോധന കർശനമാക്കും. പൂരാഘോഷത്തിൽ ഹരിത പെരുമാറ്റച്ചട്ടം പരമാവധി പാലിക്കാനും തീരുമാനമായി. തഹസിൽദാർ സി.എം. അബ്ദുൽമജീദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പൂരം സംഘാടകർ, ദേവസ്വം ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
പൂരക്കമ്മിറ്റികൾ രജിസ്റ്റർചെയ്യണം
ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തിൽ പങ്കെടുക്കുന്ന സ്പെഷ്യൽ പൂരാഘോഷ കമ്മിറ്റികൾ പ്രത്യേകം രജിസ്റ്റർചെയ്യണം. പോലീസ് സ്റ്റേഷനിൽ രജിസ്ട്രേഷൻ ഇന്നുമുതൽ തുടങ്ങും. മാർച്ച് ഒന്നുവരെ രജിസ്റ്റർചെയ്യാം. മാർച്ച് രണ്ടിന് പ്രത്യേക പൂരക്കമ്മിറ്റി ഭാരവാഹികളുടെ യോഗം പോലീസ് വിളിച്ചുചേർക്കും. പൂരത്തിൽ ഡിജെ, നാസിക് ഡോൾ ഉൾപ്പെടെ ഉയർന്ന ശബ്ദമുള്ള ആഘോഷപരിപാടികൾ അനുവദിക്കില്ലെന്നും സബ് കളക്ടർ അറിയിച്ചു.