റീടെൻഡർ നടപടികളുമായി മുന്നോട്ടെന്നു കെ.ഡി. പ്രസേനൻ എംഎൽഎ
1517198
Monday, February 24, 2025 1:27 AM IST
മംഗലംഡാം: മൂന്നുവർഷമായി മുടങ്ങിക്കിടക്കുന്ന മംഗലംഡാമിലെ മണ്ണെടുക്കൽ പ്രവൃത്തി പുനരാരംഭിക്കാൻ റീടെൻഡർ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ.ഡി. പ്രസേനൻ എംഎൽഎ.
ഇതിനിടെ ആരെങ്കിലും അപ്പീലുമായി കോടതിയിൽ പോയാൽ പിന്നേയും നടപടികൾക്ക് വൈകലുണ്ടാകുമെന്നും എംഎൽഎ പറഞ്ഞു.
ഡാം ഉറവിടമായുള്ള കുടിവെള്ള പദ്ധതി യാഥാർഥ്യമാകണമെങ്കിൽ ഡാമിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും നീക്കംചെയ്ത് സംഭരണശേഷി വർധിപ്പിക്കണം.
സംസ്ഥാനത്തെതന്നെ പൈലറ്റ് പദ്ധതിയായി 2020 ഡിസംബറിലാണ് മണ്ണെടുപ്പ് തുടങ്ങിയത്. ഏതാനും മാസം മണ്ണെടുപ്പു നടന്നു. പിന്നെ പ്രശ്നങ്ങൾ ഓരോന്നായി തലപൊക്കി. വൈകാതെ എല്ലാം നിലച്ചു. മൂന്നുവർഷത്തിനകം മണ്ണെടുപ്പ് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2018 ജൂലൈയിലാണ് 140 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്.
പൈപ്പിടലും പ്രധാന ടാങ്കുകളുടെ നിർമാണവുമെല്ലാം അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും വെള്ളത്തിന്റെ സ്രോതസ് കാണാമറയത്താണ്. പ്രതിദിനം 240 ലക്ഷം ലിറ്റർ വെള്ളം ഡാമിൽ നിന്നും പമ്പ് ചെയ്താൽ മാത്രമെ നാലു പഞ്ചായത്തുകളിൽ ഇട്ടിട്ടുള്ള പൈപ്പുകളിലൂടെ വെള്ളം ഒഴുക്കാനാകു.
ഇതിന് ഡാമിന്റെ സംഭരണശേഷി പൂർവകാല സ്ഥിതിയിലാക്കണം. റിസർവോയറിലെ കൈയേറ്റങ്ങളും സംഭരണ ശേഷി കുറച്ചിട്ടുണ്ട്.