ചന്ദനമുട്ടികളുമായി രണ്ടുപേർ അറസ്റ്റിൽ
1517008
Sunday, February 23, 2025 6:06 AM IST
അഗളി: പെട്ടിഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ചന്ദനമുട്ടികൾ അഗളി ഡാൻസാഫ് ടീം പിടികൂടി. കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരത്തെതുടർന്നുള്ള വാഹനപരിശോധനയിൽ ഇന്നലെ മേലെകോട്ടത്തറയിൽ നിന്നുമാണ് ചന്ദനവും പ്രതികളേയും പോലീസ് പിടികൂടിയത്.
മണ്ണാർക്കാട് പറശേരി മുണ്ടറക്കുന്ന് വീട്ടിൽ അബ്ബാസ് (30) തമിഴ്നാട് ആനക്കട്ടി ജംബുഗണ്ഡി സ്വദേശി ശേഖർ (40) എന്നിവരാണ് അറസ്റ്റിലായത്. വർധിച്ചുവരുന്ന മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ജില്ലാ പോലീസ് മേധാവി നിയോഗിച്ച ഡാൻസാഫ് പാർട്ടിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളേയും ചന്ദനവും കടത്താൻ ഉപയോഗിച്ച വാഹനവും തുടർനടപടികൾക്കായി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി.
ഷോളയൂർ എസ് ഐ ഫൈസൽ കോറോത്ത്, ടീം അംഗങ്ങളായ ജോഷി വർഗീസ്, മണിയൻ, അബു ജാഫർ, മനാഫ്, ബാലകൃഷ്ണൻ, ബിന്ദു ശിവൻ, സാജിദ്, അർജുൻമോഹൻ എന്നിവർ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.