കേരള ഹിസ്റ്ററി കോൺഗ്രസ് അന്താരാഷ്ട്ര സമ്മേളനം നാളെമുതൽ മണ്ണാർക്കാട്ട്
1493703
Thursday, January 9, 2025 1:20 AM IST
മണ്ണാർക്കാട്: കേരളാ ഹിസ്റ്ററി കോൺഗ്രസിന്റെ ഒന്‍പതാമത് വാർഷിക അന്താരാഷ്ട്ര സമ്മേളനം നാളെമുതൽ 12 വരെ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ നടക്കും. കേരളത്തിലെ ചരിത്ര അധ്യാപകരുടേയും ചരിത്ര ഗവേഷകരുടേയും വിദ്യാർഥികളുടേയും കൂട്ടായ്മയാണ് കേരളാ ഹിസ്റ്ററി കോൺഗ്രസ്.
ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ ചരിത്രകാരൻമാരും ചരിത്ര ഗവേഷകരുമാണ് സമ്മേളനത്തിലെ വിവിധ സെഷനുകളിൽ പങ്കെടുക്കുന്നത്. സമ്മേളനം നാളെ ഉച്ചയ്ക്കുശേഷം മൂന്നിന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. വി.കെ. ശ്രീകണ്ഠൻ എംപി, എൻ. ഷംസുദ്ദീൻ എംഎൽ.എ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രഫ. അലി നദീം റെസവി മുഖ്യപ്രഭാഷണം നടത്തും.
കേരള ഹിസ്റ്ററി കോൺഗ്രസ് പ്രസിഡന്റ് പ്രഫ.വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിക്കും. കേരളാ സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ, ചരിത്രകാരൻമാരായ പ്രഫ. കേശവൻ വെളുത്താട്ട്, ഡോ.എൻ. ഗോപകുമാരൻ നായർ, മണ്ണാർക്കാട് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ, എംഇഎസ് ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ, കല്ലടി കോളജ് ചെയർമാൻ കെ.സി.കെ. സയ്യിദ് അലി എന്നിവർ സംബന്ധിക്കും.