അഴുക്കുചാൽ തലവേദനയായി, നഗരസഭയും റെയിൽവേയും തമ്മിലിടയുന്നു
1493698
Thursday, January 9, 2025 1:20 AM IST
ഷൊർണൂർ: അഴുക്ക്ചാൽ പ്രശ്നത്തിൽ റെയിൽവേയും നഗരസഭയും കൊമ്പ് കോർക്കുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷനു സമീപത്തുള്ള അഴുക്കുചാൽ പ്രശ്നത്തിലാണ് ഇവർ തമ്മിൽ ഭിന്നത രൂക്ഷമായത്. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പുതിയ പാർക്കിംഗ് സ്ഥലം ഒരുക്കിയപ്പോൾ റോഡിനു സമീപത്തുള്ള അഴുക്കുചാൽ റെയിൽവേ ഉയരത്തിൽ നിർമിച്ചതാണു വിനയായത്.
ഇതോടെ നഗരസഭാ പരിധിയിൽപ്പെടുന്ന തീയറ്ററിനു സമീപത്തുള്ള ചാലിൽ മലിനജലം കെട്ടിനിൽക്കാൻ തുടങ്ങി. ഇതോടെ സമീപത്തെ ജനങ്ങളും ദുരിതത്തിലായി. ശുചിമുറി മാലിന്യം ഉൾപ്പെടെ ഒഴുകിയെത്തിയതോടെ ഇതുവഴിയുള്ള യാത്രയും ആകെ ദുരിതത്തിലാണ്. രാത്രികാലത്ത് കൊതുക് ശല്യവും രൂക്ഷമായി എന്നാണ് നാട്ടുകാരുടെ പരാതി. മലിനജലം കടന്നുപോകണമെങ്കിൽ റെയിൽവേ നിർമിച്ച അഴുക്കുചാലിന്റെ ഉയരം കുറയ്ക്കണം.
വാർഡ് കൗൺസിലർക്കും നഗരസഭയ്ക്കും റെയിൽവേക്കും പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണു നാട്ടുകാർ പറയുന്നത്. നഗരസഭയുടെ സ്ഥലത്തെ പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തില്ല എന്നാണു കൗൺസിലറുടെ വാദം. എന്നാൽ റെയിൽവേക്ക് ഇതു സംബന്ധിച്ചു പരാതി നൽകുമെന്നാണു നഗരസഭയുടെ മറുപടി. നഗരസഭയുടെ സ്ഥലത്താണു പ്രശ്നങ്ങൾ എന്നാണു റെയിൽവേ പറയുന്നത്. മഴക്കാലത്തു മലിനജല ചാലിലൂടെ വെള്ളം റോഡിലേക്കും സമീപത്തെ വീടുകളിലേക്കും കഴിഞ്ഞ തവണ കയറിയിരുന്നു. അടുത്ത മഴക്കാലത്തിനു മുന്പു പ്രശ്നത്തിനു പരിഹാരം കാണണമെന്നാണു നാട്ടുകാർ പറയുന്നത്.