ചിറ്റൂർ ആശുപത്രി ജംഗ്ഷനിൽ കനാൽ അടഞ്ഞ് ജലം റോഡിലൊഴുകി
1493691
Thursday, January 9, 2025 1:20 AM IST
ചിറ്റൂർ: ആശുപത്രി ജംഗ്ഷൻ റോഡിനു സമീപത്തുള്ള ബ്രാഞ്ച് കനാൽ കവിഞ്ഞൊഴുകി വ്യാപാര സ്ഥാപനങ്ങളിലേക്കും കാത്തുനിൽപ്പ് സ്ഥലത്തും വെള്ളം നിറഞ്ഞൊഴുകി.
ആലാംകടവിൽ നിന്നും വരുന്ന ബ്രാഞ്ച് കനാലാണ് മാലിന്യം നിറഞ്ഞ് വെള്ളം ഉയർന്ന് ഒഴുകിയത്. ഇന്നലെ രാവിലെ 9.30 നാണ് സംഭവം. ആശുപത്രി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതും ഈ സ്ഥലത്താണ്.
വ്യാപാരികൾ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം രാത്രിസമയങ്ങളിൽ തള്ളുന്നതാണ് ജലഗതാഗതം തടസപ്പെടാൻ കാരണമായത്.
ജലസേചന വകുപ്പ് സമയോചിതമായി ശുചീകരണം നടത്താത്തതും വെള്ളം റോഡിലൊഴുകാൻ കാരണമായി.
ഓരോതവണ ബ്രാഞ്ച് കനാലിൽ കൃഷി ആവശ്യത്തിന് വെള്ളം ഇറക്കുമ്പോഴും സമാനമായ രീതി ജലഗതാഗതം തടസപ്പെടാറുണ്ട്.
ഈ സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ ആവശ്യക്കാർ കയറാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്. പ്രശ്നത്തിനു പരിഹാരം കാണാൻ ബാധ്യസ്ഥരായ ജലസേചനവകുപ്പും വിഷയത്തിൽ മെല്ലെപ്പോക്കുനയമാണ് സ്വീകരിച്ചുവരുന്നത്.