കിരീടം കിട്ടിയില്ലെങ്കിലെന്താ...നമ്മടെ പിള്ളേരു പൊളിയല്ലേ...
1493689
Thursday, January 9, 2025 1:20 AM IST
പാലക്കാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒരുപോയിന്റ് വ്യത്യാസത്തില്‍ കീരിടം നഷ്ടമായെങ്കിലും ജില്ലയുടെ കലാപ്രതിഭകളുടെ മടക്കം പത്തരമാറ്റ് പ്രകടനവുമായി. കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തായിരുന്ന ജില്ല ഇത്തവണ രണ്ടാംസ്ഥാനത്തെത്തി.
2005, 2006 വര്‍ഷത്തിലെ സംസ്ഥാന സ്കൂള്‍ കലോത്സവ വിജയികളായിരുന്നു പാലക്കാട് ജില്ല. 1967 ശേഷം ആദ്യമായി പാലക്കാട് സ്വർണക്കപ്പിൽ മുത്തമണിയിച്ചതു 2005ലായിരുന്നു.
ഇതിനുശേഷം പിന്നീട് 2016ല്‍ കോഴിക്കോടിനൊപ്പം സംയുക്ത വിജയികളായി. 2019ലും 2020ലുമായിരുന്നു പിന്നീട് പാലക്കാടിന്റെ കിരീടനേട്ടം.
21ലും 22ലും കോവിഡിനെതുടര്‍ന്ന് കലോത്സവം നടന്നില്ല. 23ല്‍ നടന്ന കലോത്സവത്തില്‍ പാലക്കാടില്‍നിന്ന് കീരിടം കോഴിക്കോട് പിടിച്ചെടുത്തു.
കഴിഞ്ഞവര്‍ഷം കോഴിക്കോടില്നിന്ന് കണ്ണൂരും കിരീടം പിടിച്ചെടുക്കുകയായിരുന്നു.
എന്നാല്‍ ഇത്തവണ മറ്റു ജില്ലകളൊക്കെ പിന്നിലാക്കി കീരിടവുമായി ജില്ല തിരിച്ചുവരവൊരുക്കുമെന്ന പ്രതീക്ഷയോടെയാണ് തിരുവനന്തപുരത്തേക്കു വണ്ടികയറിയതെങ്കിലും ചുണ്ടിനും കപ്പിനുമിടയില്‍ ഒന്നാംസ്ഥാനം നഷ്ടമാകുകയായിരുന്നു.
ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പാലക്കാടിനുവേണ്ടി 798 വിദ്യാർഥികളാണ് മാറ്റുരച്ചത്. ഇക്കുറി നാദസ്വരം, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം വിചിത്രവീണ എന്നിവയൊഴികെ മറ്റെല്ലാ ഇനങ്ങളിലും ഇരുളനൃത്തം, മംഗലം കളി, പണിയനൃത്തം, പളിയനൃത്തം, മലപ്പുലയാട്ടം തുടങ്ങി അഞ്ചു ഗോത്രകലകളിലും മത്സരിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സുനിജയുടെ നേതൃത്വത്തിലായിരുന്നു ജില്ലയുടെ കലോത്സവ ഒരുക്കങ്ങൾ.