"ഏസ്പെരാൻസ' ഹൗസിംഗ് പ്രോജക്ടിന്റെ തറക്കല്ലിടൽ 12ന് പൊൻകണ്ടത്ത്
1493702
Thursday, January 9, 2025 1:20 AM IST
മംഗലംഡാം: ഭവനരഹിതരായ 60 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുന്ന പ്രോജക്ട് ഷെൽട്ടറിന്റെ തറക്കല്ലിടൽ 12ന് ഉച്ചയ്ക്കുശേഷം മൂന്നരക്ക് പൊൻങ്കണ്ടം ജംഗ്ഷനിൽ നടക്കും. കെ.ഡി. പ്രസേനൻ എംഎൽഎ മുഖ്യാതിഥിയാകും.
ക്ലരീഷ്യൻ വൈദികസഭാംഗമായ ഫാ. ജോർജ് കണ്ണന്താനത്തിന്റെ സ്വപ്ന പദ്ധതിയാണ് ഭവന രഹിതരായവർക്കു വീട് നിർമിച്ചു നൽകുകയെന്നത്. ഈ പ്രോജക്ടിന്റെ ഭാഗമായാണ് പൊൻകണ്ടത്തും ഭവനങ്ങൾ ഉയരുന്നത്. പ്രതീക്ഷ എന്ന അർഥം വരുന്ന ഏസ്പെരാൻസ- സ്പാനിഷ് വാക്കാണ് ഭവനപദ്ധതിക്കു നൽകിയിട്ടുള്ളത്.
അംഗവൈകല്യമുള്ളവർ, അസുഖ ബാധിതർ, വിധവകൾ, പ്രകൃതിദുരന്തങ്ങളിൽ വീട് നഷ്ടപ്പെട്ടവർ, സ്വന്തമായി വീട് പണിയാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർ തുടങ്ങിയവരെയാണ് പദ്ധതിയിൽ പരിഗണിക്കുന്നതെന്ന് മേഖലയിലെ പദ്ധതികൾക്കു മേൽനോട്ടം വഹിക്കുന്ന ടോം ജോർജ് കിഴക്കേപറമ്പിൽ പറഞ്ഞു.
ഇതിനായി സ്ഥലം വാങ്ങിയാണ് വീട് ഒരുക്കുന്നത്. കുഷ്ഠരോഗികൾ, ആദിവാസികൾ, എച്ച്ഐവി, സുനാമി ബാധിതർ, വെള്ളപ്പൊക്കത്തിന് ഇരയായവർ തുടങ്ങിയവർക്കായി ഇതിനകം മറ്റു സംസ്ഥാനങ്ങളിൽ 1500 വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. ആയിരംപേർ മാസത്തിൽ ആയിരം രൂപ എടുത്താണ് വീട് നിർമാണ പദ്ധതി മുന്നോട്ട് പോകുന്നത്. കൂടുതൽ വരുമാനം ലഭിക്കുന്നതിനനുസരിച്ച് വീട് നിർമാണങ്ങളുടെ എണ്ണവും കൂട്ടും.