വേനൽ കനക്കുന്നു; തീപിടിത്തം തടയാൻ വനംവകുപ്പ് നടപടി തുടങ്ങി
1493687
Thursday, January 9, 2025 1:20 AM IST
ഒറ്റപ്പാലം: വേനൽ കനക്കുന്നു, തീപിടിത്തം തടയാൻ മുന്നൊരുക്കം തുടങ്ങി. വനംവകുപ്പധികൃതരാണ് വനസമ്പത്ത് സംരക്ഷിക്കാൻ നടപടികൾ ആരംഭിച്ചത്. അഞ്ച് വനപ്രദേശങ്ങളിലാണ് തീപിടിച്ചാൽ വ്യാപിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്.
നാല് ഹെക്ടർ പരിധിയിലെ വനഭൂമി സംരക്ഷിക്കാൻ അടിക്കാടുകൾക്ക് തീയിട്ട് പടരാതിരിക്കാനുള്ള സംവിധാനമൊരുക്കുന്ന ‘അഡ്വാൻസ് ബേണിംഗാണ്’ ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. ഒറ്റപ്പാലം, ചളവറ, പട്ടാമ്പി പ്രദേശങ്ങളിലാണ് മുന്നൊരുക്കം പൂർത്തിയായത്. ഒറ്റപ്പാലത്ത് പ്രധാനമായും അനങ്ങൻമല കേന്ദ്രീകരിച്ചാണ് പ്രവർത്തനം. സ്ഥിരമായി കാട്ടുതീ പടരുന്ന സ്ഥലമാണ് അനങ്ങൻമലയിലെ ഒറ്റപ്പാലം, അമ്പലപ്പാറ, അനങ്ങനടി, തൃക്കടീരി പഞ്ചായത്തുകളുടെ പ്രദേശങ്ങൾ. ഇവിടെയാണ് പ്രധാനമായും കാട്ടുതീ പടരുന്നത് തടയുന്ന നടപടി പൂർത്തിയാക്കിയിട്ടുള്ളത്. അനങ്ങൻമല ബ്ലോക്കിലെ നാലാംമൈൽ, പനമണ്ണ, കാപ്പിക്കാട് ഭാഗങ്ങളിലായി രണ്ടുഹെക്ടറിലാണ് സംരക്ഷിതനടപടികൾ നടത്തിയത്.
കുളപ്പുള്ളി സെക്ഷൻ പരിധിയിലെ ചളവറ കാരാട്ടുകുറുശി ഭാഗത്തും പട്ടാമ്പി സെക്ഷൻ പരിധിയിലെ ചെറുകോട് ഭാഗത്തും ഒരുഹെക്ടർവീതമുള്ള സ്ഥലത്തും കാട്ടുതീ പടരാതിരിക്കാനുള്ള നടപടി പൂർത്തിയായിട്ടുണ്ട്.
വനമേഖലകളെ വിവിധ ബ്ലോക്കുകളായി തിരിച്ച് ഉയർന്ന കാട്ടുതീ ഭീഷണിയുള്ള ബ്ലോക്ക്, താരതമ്യേന ഭീഷണിയുള്ളത്, കുറഞ്ഞ ഭീഷണിയുള്ളത് എന്നിങ്ങനെ തരംതിരിച്ചാണ് പ്രവർത്തനം. അതിൽ ഉയർന്ന കാട്ടുതീ ഭീഷണിയുള്ള ബ്ലോക്കുകളിൽ പാറക്കെട്ടുകൾക്കിടയിലെ ഉണങ്ങിയ കരിയിലകളും പുല്ലുകളും കടുത്ത വേനൽകാലത്ത് തീപിടിക്കാൻ സാധ്യതയുണ്ട്.
ഇതുതടയാനാണ് നിയന്ത്രിത അളവിൽ കത്തിച്ചുകളയുന്നതെന്ന് റേഞ്ച് ഓഫീസർ ടി.ടി. ബിനീഷ്കുമാർ അറിയിച്ചു. കാട്ടുതീ പടരുന്നത് കണ്ടാൽ വേഗത്തിൽ ഇടപെടാൻ ഒറ്റപ്പാലം റേഞ്ചിനുകീഴിൽ കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്.
കുളപ്പുള്ളി സെക്ഷൻ ഓഫീസിലാണ് ഇത്. ഇതിനുപുറമേ വനപ്രദേശങ്ങളിൽ തീയിടുന്നത് തടയാൻ വനമേഖലയിൽ താമസിക്കുന്നവരുടെ വീടുകളിലെത്തി വാതിൽപ്പടി ബോധവത്കരണവും നടത്താനൊരുങ്ങുകയാണ് വനംവകുപ്പ്. ഒപ്പം ബോധവത്കരണ ക്ലാസുകളും നടത്തും.