സ്കൂൾ ബസും സ്വകാര്യബസും കൂട്ടിയിടിച്ചു; കുട്ടികൾക്കു പരിക്ക്
1493690
Thursday, January 9, 2025 1:20 AM IST
ശ്രീകൃഷ്ണപുരം: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കൂട്ടിലക്കടവിനും പൊമ്പ്രക്കും ഇടക്കുള്ള മണ്ണോട്ടും പടിയിൽ ബസുകൾ കൂട്ടിയിടിച്ച് ആറുവിദ്യാർഥികൾക്കു പരിക്ക്. പൊമ്പ്ര എയുപി സ്കൂളിന്റെ ബസും സ്വകാര്യബസുമാണ് ഇന്നലെ രാവിലെ 9.10ന് കൂട്ടിയിടിച്ചത്.
അപകടത്തിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളായ എം. ലബീബ്, പി. അർഷദ്, റാഷിക്, ആസിഫലി എന്നിവർക്കും ഏഴാം ക്ലാസ് വിദ്യാർഥികളായ ഷമ്മാസ്, ഷംസുദീൻ എന്നിവർക്കും പരിക്കേറ്റു.
ലബീബിന്റെ മൂക്കിനു ചതവുണ്ട്. അർഷദിന്റെ പല്ലിനാണ് പരിക്കേറ്റത്. രണ്ടുപേരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിസാരപരിക്കേറ്റ മറ്റു നാലുപേരെ പ്രാഥമികചികിത്സ നൽകി വിട്ടയച്ചു. കൂട്ടിലക്കടവ് ഭാഗത്തുനിന്നും പൊമ്പ്ര ഭാഗത്തേക്കു വരികയായിരുന്ന സ്കൂൾ ബസും പൊമ്പ്ര ഭാഗത്തുനിന്ന് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസുകളുടെ മുൻഭാഗം തകർന്നു. ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.