കനാൽവെള്ളം വാലറ്റങ്ങളിൽ എത്തുന്നില്ല; നെൽപ്പാടങ്ങൾ ഉണക്കുഭീഷണിയിൽ
1493701
Thursday, January 9, 2025 1:20 AM IST
നെന്മാറ: പോത്തുണ്ടിഡാം വെള്ളം വാലറ്റ പ്രദേശങ്ങളിലെത്തുന്നില്ലെന്നു കർഷകരുടെ പരാതി. അണക്കെട്ടിലെ ഷട്ടർ തകരാറിലായതിനെത്തുടർന്ന് 20 ദിവസം കഴിഞ്ഞിട്ടും വെള്ളമെത്താത്തതിനാൽ നെൽപ്പാടങ്ങൾ വീണ്ടുകീറി ഉണക്കഭീഷണിയിലാണ്. തിരുവഴിയാട്, തട്ടാൻപാറ, മങ്ങാട്ടുപാടം, അയിലൂരിലെ പുതുച്ചി, ചീതാവ്, പാലമുക്ക്, വണ്ടാഴി പഞ്ചായത്തിലെ തണ്ടലോട്, ആന്തൂർ കുളമ്പ് പ്രദേശങ്ങളിലും വെള്ളം ലഭിക്കാതെ നെൽപ്പാടങ്ങൾ വിണ്ടുകീറിത്തുടങ്ങി.
ജലവിതരണ കലണ്ടർ പ്രകാരം നിശ്ചയിച്ച ദിവസത്തിൽ നിന്നും അഞ്ചുദിവസത്തോളം വൈകിയാണ് മൂന്നാം ഘട്ടം ജലവിതരണം ആരംഭിക്കാൻ കഴിഞ്ഞത്. ഇതോടെ രണ്ടാംഘട്ടം ഷട്ടർ അടച്ചതിനു ശേഷം 20 ദിവസത്തിലേറെ വാലറ്റ പ്രദേശങ്ങളിൽ വെള്ളംകിട്ടാൻ വൈകി. അണക്കെട്ടിലെ ഷട്ടർ തകരാർ മൂലം 70 സെന്റീമീറ്റർ വരെ മാത്രമേ ഇപ്പോൾ വെള്ളം വിതരണത്തിനായി ഷട്ടർ തുറക്കാൻ കഴിഞ്ഞിട്ടുള്ളൂ. 90 സെന്റീമീറ്റർ എങ്കിലും ഉയർത്തിയാലേ എല്ലാ ബ്രാഞ്ചുകൾ കനാലുകളിലൂടെയും ഒരേസമയം കൂടുതൽ അളവിൽ ജലവിതരണം നടത്തി ഉണക്ക ഭീഷണി ഒഴിവാക്കാൻ കഴിയുകയുള്ളൂ എന്നാണ് കർഷക പ്രതിനിധികൾ പറയുന്നത്.
കൂടുതൽ അളവിൽ വെള്ളം വിടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. അടുത്തഘട്ടം ജലവിതരണത്തിനുള്ള ഇടവേളയിൽ ഷട്ടറിന്റെ തകരാർ പൂർണമായി പരിഹരിക്കാനുള്ള നടപടികളാണ് ജലസേചന വകുപ്പ് എടുത്തു വരുന്നത്. മൂന്നാംഘട്ട ജലവിതരണത്തിന് ഡാം തുറക്കാൻ തയാറാവുന്ന സമയത്താണ് ഷട്ടർ തകരാറിലായതും പാലക്കാട്ടുനിന്ന് മെക്കാനിക്കൽ വിഭാഗവും മുങ്ങൽവിദഗ്ധരുമെത്തി ഡാം ഷട്ടർ ഭാഗികമായി തുറക്കാൻ കഴിഞ്ഞത്.
ഇതാണ് ജലവിതരണ ക്രമീകരണത്തിന്റെ താളംതെറ്റാൻ ഇടയാക്കിയത്.