നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സായാഹ്ന ധർണ നടത്തി
1535935
Monday, March 24, 2025 1:19 AM IST
അതിരപ്പിള്ളി: അതിരപ്പിള്ളി, കോടശേരി, പരിയാരം, മേലൂർ ഗ്രാമപഞ്ചായത്തുകളിലെ അതിരൂക്ഷമായ വന്യജീവി ആക്രമണത്തിനെതിരേയും, ഇടതുപക്ഷ സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതരേയും,പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരപ്പിള്ളിയിൽ സായാഹ്ന പ്രതിഷേധ ധർണ നടത്തി.
വന്യമൃഗ ആക്രമണത്താൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കേൽക്കുന്ന കർഷകർക്കും കൃഷിക്കും വളർത്തുമൃഗനാശത്തിനും നൽകുന്ന നഷ്ടപരിഹാര സംഖ്യ ഉയർത്തുക, നഷ്ടപരിഹാരം സമയബന്ധിതമായി നൽകുന്നതിന് നടപടി സ്വീകരിക്കുക, കർഷകർക്ക് സമാശ്വാസ പാക്കേജും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുക, വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ആധുനിക പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുക, ആധുനിക ഉപകരണങ്ങൾ നൽകി വനം വാച്ചർമാരെ നിയമിക്കുക, നൈറ്റ് പെട്രോളിംഗ് കർശനമായി നടപ്പിലാക്കുക, വന്യമൃഗ സാന്നിധ്യം കർഷകരെ അറിയിക്കുന്നതിന് സംവിധാനം ഒരുക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അരൂർമുഴി ജംഗ്ഷനിൽ നടത്തിയ സായാഹ്നധർണ സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്് എം.ടി. ഡേവീസ് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി എ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വി.ഒ. പൈലപ്പൻ, വേണു കണ്ടരുമഠത്തിൽ,ഡിസിസി സെക്രട്ടറിമാരായ ജെയിംസ് പോൾ, പി.കെ. ഭാസി, പി.കെ. ജേക്കബ്, കോടശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജയിംസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ ദിവാകരൻ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി.ആന്റണി, അതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ് കെ.എം. ജയചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ എൻ സി തോമസ് ബേബി കെ തോമസ്, ദിലീപ് ദിവാകരൻ, ജോസ് പാറക്ക, വി.വി. ജോർജ്, മുരളി ചക്കന്തറ എന്നിവർ പ്രസംഗിച്ചു.