മലയോരത്തു കര്‍ഷകര്‍ വാഴകളെ കാറ്റില്‍നിന്ന് സംരക്ഷിക്കുന്ന തിരക്കില്‍
1534940
Friday, March 21, 2025 1:23 AM IST
കോടാലി: വേനല്‍മഴയ്ക്കൊപ്പമെത്തുന്ന കാറ്റിനെ പ്രതിരോധിക്കാനുള്ള തിരക്കിലാണ് മലയോരത്തെ വാഴകര്‍ഷകർ. കുലവന്നു തുടങ്ങിയ നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞുവീഴാതിരിക്കാന്‍ പ്ലാസ്റ്റിക് വള്ളികള്‍ കൊണ്ട് താങ്ങുകൊടുക്കുന്ന രീതിയാണ് കര്‍ഷകര്‍ അവലംബിക്കുന്നത്.
നേന്ത്രക്കായ ഉല്‍പ്പാദനത്തില്‍ ജില്ലയില്‍ മുന്നില്‍ നില്ക്കുന്ന മറ്റത്തൂരില്‍ ഇക്കുറി ലക്ഷക്കണക്കിന് നേന്ത്രവാഴകളാണ് കൃഷിചെയ്തിട്ടുള്ളത്. ഇതിലേറെയും പാടങ്ങളോടുചേര്ന്നാണ് ഉള്ളത്. തമിഴ്നാട്ടിലെ മേട്ടുപാളയം, ഈറോഡ് ,സേലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന വാഴക്കന്നുകള്‍ ഉപയോഗിച്ചാണ് ഇവിടത്തെ കൃഷി.
ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ കുലയ്ക്കുന്ന വാഴകളെ യഥാസമയം താങ്ങുകൊടുത്ത് നിര്‍ത്തിയാലേ വേനല്മഴയോടൊപ്പമെത്തുന്ന കാറ്റില്‍ നിന്ന് സംരക്ഷിക്കാനാവൂ എന്ന് വാഴകര്‍ഷകനായ കടമ്പോട് സ്വദേശി ലോനായി പറഞ്ഞു.
ആദ്യകാലത്ത് മുളങ്കാലുകള്‍ കൊണ്ടാണ് വാഴയ്ക്ക് ഊന്നുകൊടുത്തിരുന്നത്. മുളകള്‍ കിട്ടാനില്ലാതായതോടെ തമിഴ്നാട്ടില്‍ നിന്നെത്തുന്ന കാറ്റാടിമരമാണ് ഇതിനുപയോഗിച്ചിരുന്നത്. ഒന്നിന് നൂറുരൂപയോളം വില കൊടുത്ത് കാറ്റാടി വാങ്ങി വാഴയ്ക്ക് ഊന്നുകൊടുക്കുമ്പോള് കൃഷിച്ചെലവു വര്‍ധിക്കുമെന്നതിനാല്‍ പ്ലാസ്റ്റിക് വള്ളികളാണ് ഇപ്പോള്‍ വാഴകളെ കാറ്റില്‍ നിന്ന് സംരക്ഷിക്കാനായി കര്‍ഷകര്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നത്. ഓരോ വാഴകളുടേയും മധ്യത്തിലും തലഭാഗത്തുമായി രണ്ടിടത്ത് പ്ലാസ്റ്റിക് വള്ളികള്‍ ബന്ധിച്ചശേഷം തൊട്ടുത്തുള്ള വാഴയിലേക്ക് വലിച്ചുകെട്ടിയാണ് കാറ്റിനെ പ്രതിരോധിക്കുന്നത്.
ഇത്തരത്തില്‍ മുപ്പതുവാഴകളില് കെട്ടാനാവശ്യമായ ഒരു കെട്ട് പ്ലാസ്റ്റിക് വള്ളികള്‍ക്ക് 200 രൂപയോളം വില വരും. ഓരോ വര്‍ഷവും കൃഷിച്ചെലവ് വര്‍ധിച്ചുവരുന്നതിനനുസരിച്ച് ഉല്‍പ്പന്നത്തിന് വില കിട്ടുന്നില്ലെന്ന സങ്കടവും കര്‍ഷകനായ ലോനായി പങ്കുവെക്കുന്നു. 18 രൂപ നിരക്കിലാണ് തമിഴ്നാട്ടില്‍ നിന്നുള്ള വാഴക്കന്ന് വാങ്ങുന്നത്. വളത്തിന് വര്‍ഷംതോറും വില വര്‍ധിക്കുകയാണ്.
തൊഴിലാളികളെ നിയോഗിച്ച് കൃഷിപ്പണികള്‍ ചെയ്യിക്കുന്നവര്‍ക്ക് കൂലിച്ചെലവിനത്തിലും നല്ലൊരു തുക വേണ്ടിവരും. ഒടുവില്‍ വിളവെടുത്ത വാഴക്കുല വിപണിയിലെത്തിക്കുമ്പോള്‍ മതിയായ വില ലഭിച്ചില്ലെങ്കില്‍ കര്‍ഷകര്‍ കടക്കെണിയിലാകും.
സാധാരണയായി മെയ് അവസാനത്തോടൊണ് മലയോരത്ത് നേന്ത്രക്കായ വിളവെടുപ്പ് ആരംഭിക്കുന്നത്. സീസൺ തുടക്കത്തില്‍ മികച്ച വില കിട്ടാറുള്ളതിനാല്‍ കാലവര്‍ഷം തുടങ്ങുമുമ്പേ വിളവെടുപ്പിന് പാകമാകുന്ന രീതിയിലാണ് മിക്ക കര്‍ഷകരും കൃഷിയിറക്കിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം കടുത്ത ചൂടുമൂലം നേന്ത്രക്കായ ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് മികച്ച വില ലഭിച്ചിരുന്നു. ഇത്തവണ നേരത്തെ വേനല്‍മഴ കിട്ടിയതിനാല്‍ കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്ക് ഉള്ളത്.