വിയ്യൂർ ജയിലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇനി പണം നൽകും
1532733
Friday, March 14, 2025 1:42 AM IST
തൃശൂർ: യൂസർ ഫീ നൽകി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമസേനയ്ക്കു നൽകുന്ന വിയ്യൂർ ജയിൽ അധികൃതർ ഇനി അവ വിറ്റു കാശാക്കും. ക്ലീൻ കേരള കന്പനിയുമായി സഹകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകമായി തരംതിരിച്ച് എംപാനൽഡ് ഏജൻസിയായ എക്കോ വേൾഡിനു നൽകിയാണ് നിശ്ചിതനിരക്കിൽ വില കൈപ്പറ്റുക.
നേരത്തേ, ആയിരത്തിലധികം തടവുകാരെ പാർപ്പിച്ചുവരുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് ജൈവമാലിന്യങ്ങൾ പന്നി ഫാമിലേക്കും ബയോഗ്യാസ് പ്ലാന്റിലേക്കും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമസേനയ്ക്കും കൈമാറുകയാണ് ചെയ്തിരുന്നത്. ഇതിനായി യൂസർ ഫീ ഇനത്തിൽ പ്രതിമാസം ആയിരത്തിലധികം രൂപയാണ് നൽകിയിരുന്നതെങ്കിൽ, ഇനി അവ വിറ്റു പണം കണ്ടെത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി തടവുകാർക്കു പ്രത്യേക പരിശീലനവും നൽകി. എക്കോ വേൾഡ് പ്രതിനിധി ഇബ്രാഹിം, ഷൈലാബീഗം എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.
ക്ലീൻ കേരള കന്പനിയുടെ തൃശൂർ മാനേജർ ശംഭു ഭാസ്കർ പദ്ധതി വിശദീകരിച്ചു. ഫ്രീഡം ഫുഡ് യൂണിറ്റിലെ പാക്കേജിംഗ്, വില്പനരീതികളിൽ വ്യത്യസ്തത കൊണ്ടുവന്നതിനെതുടർന്ന് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 1,68,000 രൂപയുടെ പാക്കിംഗ് വസ്തുക്കൾ ലാഭിച്ചതുവഴി അത്രയും മാലിന്യങ്ങൾ സൃഷ്ടിച്ചില്ല എന്നു മാത്രമല്ല അത്രയും രൂപയുടെ ലാഭവും ഉണ്ടായതായി സൂപ്രണ്ട് കെ. അനിൽകുമാർ വിശദീകരിച്ചു .
ജയിലിനകത്തു പ്രിസണേഴ്സ് കാന്റീനിൽ വില്പന നടത്തുന്ന ബിരിയാണി വാഴയിലപ്പൊതിയിലാണ് നൽകുന്നത്. ബിരിയാണി പാക്കറ്റിൽ അച്ചാറും സലാഡും നൽകിയിരുന്ന ചെറിയ പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി ഇപ്പോൾ സവോളയുടെ പൊളിയിൽ നിറച്ചാണ് നൽകുന്നത്. 10 ചപ്പാത്തി പാക്ക് ചെയ്യുന്ന കവറിൽതന്നെ 20 എണ്ണം പാക്ക് ചെയ്തു നൽകുന്നതു പ്രതിദിനം 500 ലധികം ആയിട്ടുണ്ട് .
ബിരിയാണി പായ്ക്ക് ചെയ്യുന്ന അലുമിനിയം ഫോയിൽ കണ്ടെയ്നറിന്റെ വില 3.60 ഉം ചപ്പാത്തി കവറിന്റെ വില 2.20 ഉം ആണ്. കഴിഞ്ഞ വർഷം വിയ്യൂർ സെൻട്രൽ ജയിൽ ഫുഡ് യൂണിറ്റ് മാത്രം പാക്കിംഗ് മെറ്റീരിയൽസിനായി 20 ലക്ഷത്തിലധികം തുക ചെലവഴിച്ചിരുന്ന സ്ഥാനത്ത് ഈ വർഷം നാലുലക്ഷം രൂപയുടെ കുറവ് ഉണ്ടാവും. ഇതിനുപുറമേ സീറോ വേസ്റ്റ് ടോളറൻസ് എന്ന ആശയത്തിൽ എഫ്സിഎൽ ഫ്രീഡം കോന്പോ ലഞ്ച് കാസറോൾ പാത്രത്തിൽ നൽകുന്ന സംവിധാനവും വിയ്യൂരിൽ ആരംഭിച്ചിട്ടുണ്ട്. എഫ്സിഎൽ വാങ്ങി ഭക്ഷിക്കുന്പോൾ ആറുരൂപയുടെ പാക്കിംഗ് വസ്തുക്കളാണ് മാലിന്യമാവാതെ സംരക്ഷിക്കാൻ കഴിയുന്നതെന്ന പ്രത്യേകതയുമുണ്ട്.