കൊറ്റമ്പത്തൂർ കാട്ടുതീ: രക്തസാക്ഷി ദിനത്തിന് അഞ്ചാണ്ട്
1514924
Monday, February 17, 2025 1:16 AM IST
എരുമപ്പെട്ടി: മൂന്ന് ജീവനെടുത്ത കൊറ്റമ്പത്തൂർ കാട്ടുതീ രക്തസാക്ഷി ദിനത്തിന് അഞ്ചാണ്ട്. ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് മരണപ്പെട്ടവരുടെ ഓർമകൾക്ക് മുന്നിൽ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ പ്രണാമം അർപ്പിച്ചു.
അഞ്ച് വർഷങ്ങൾക്ക് മുൻപാണ് കാട്ടുതീ തടയാന്‍ ശ്രമിക്കുന്നതിനിടയിൽ ചിറ്റണ്ട പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ മൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ മരിച്ചത്. വാഴച്ചാല്‍ താമസക്കാരനും വാച്ചറുമായ കെ.വി. ദിവാകരന്, താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ് എടവണ വളപ്പില്‍വീട്ടില്‍ എം.കെ. വേലായുധന്, താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ വി.എ. ശങ്കരൻ എന്നിവരുടെ ഛായാചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. പൂങ്ങോട് ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ മനോജ് ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി.
കാട്ടുതീയിൽ അത്ഭുതകരമായി രക്ഷപ്പെട്ട വാച്ചർ അച്ചു മാഷ് അനുഭവങ്ങൾ പങ്കുവച്ചു. ഫോറസ്റ്റ് സ്റ്റാഫുകൾ, വാച്ചർമാർ, മരിച്ചവരുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. രക്തസാക്ഷികളുടെ ഓർമയ്ക്കായി സ്ഥാപിച്ച പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനുസമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രം ടൈൽ വിരിച്ച് നവീകരിച്ചു.