മുട്ടുംവിളിയുമായി ഉസ്താദ് ഇത്തവണയും എത്തി
1514230
Saturday, February 15, 2025 1:50 AM IST
എം. മജീദ്
പഴയന്നൂർ: പതിവുതെറ്റിക്കാതെ മുട്ടും വിളിയുമായി ഉസ്താദ് മുഹമ്മദ് ഹുസൈനും സംഘവും 58-ാം വർഷവും കാളിയാറോഡ് ജാറത്തിൽ എത്തി. കാളിയാറോഡ് നേർച്ചയുടെ ഭാഗമായാണ് പാലക്കാട് കണ്ണന്പ്രയിൽനിന്ന് ഉസ്താദും മകനും പേരക്കുട്ടികളുമടങ്ങുന്ന സംഘമെത്തിയത്. മകൻ അബൂബക്കർ സിദ്ധിഖ് , പേരമക്കളായ ഹൈഫാസ് ബിലാൽ, ഫയാസ് മൊഹിയുദ്ധീൻ എന്നിവരാണ് ഉസ്താദിനൊപ്പമുള്ളത്.
മുട്ടും വിളി എന്ന കല അന്യംനിന്നുപോകരുതെന്ന ഉറച്ചതീരുമാനമാണ് എഴുപത്തഞ്ചുകാരനായ ഉസ്താദ് മുഹമ്മദ് ഹുസൈന്. മൂന്നുദിവസം രാവും പകലുമായി നടക്കുന്ന മുട്ടും വിളി അദ്ദേഹത്തിന് പുണ്യകർമമാണ്. മുരശ്, ഒറ്റ, ഡോൾ, തപ്പ് എന്നീ വാദ്യോപകരണങ്ങളാണ് ബദ്രിയ്യ മുട്ടും വിളി സംഘം ഉപയോഗിക്കുന്നത്. ചരിത്രത്തിലെ രണ്ടു യുദ്ധങ്ങളായ ബദ്ർ, ഉഹ്ദ് എന്നിവയെ ആസ്പദമാക്കി മോയിൻകുട്ടി വൈദ്യർ രചിച്ചതുൾപ്പടെയുള്ള മാപ്പിളപ്പാട്ടുകളാണ് ഇദ്ദേഹത്തിന്റെ മാന്ത്രികക്കുഴലിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഈ വർഷവും ഇവിടെ എത്തിപ്പെടാൻ പറ്റിയതിൽ ദൈവത്തോട് ഒരുപാടു നന്ദിയുണ്ടെന്ന് ഉസ്താദ് മുഹമ്മദ് ഹുസൈൻ പറഞ്ഞു.