ഗോത്രകലകൾക്കിത് ആദ്യ കലോത്സവം
1484679
Thursday, December 5, 2024 8:11 AM IST
സ്വന്തം ലേഖകൻ
ഗോത്രകലകള്‍ സ്കൂള്‍കലോത്സവത്തിന്റെ ഭാഗമായുള്ള ആദ്യ തൃശൂർ ജില്ലാ കലോത്സവമാണിത്. ജില്ലയിലെ 12 ഉപജില്ലകളിൽനിന്നും ഗോത്രകലകളിലെ എല്ലാ മത്സര ഇനങ്ങൾക്കും മത്സരാർഥികളുണ്ട്. സംസ്ഥാനത്തെ ചില ജില്ലാതലമത്സരങ്ങളിലും മറ്റു ജില്ലകളിലെ ചില ഉപജില്ലാ മത്സരങ്ങളിലും വിധിനിർണയവുമായി ബന്ധപ്പെട്ടു പരാതികൾ ഉയർന്നിരുന്നു.
ചിലയിടങ്ങളിൽ നാടോടിനൃത്തം, നാടന്‍പാട്ട് എന്നിവയുടെ വിധികര്‍ത്താക്കളെയാണ് ഗോത്രകലകൾക്കു വച്ചിട്ടുള്ളതെന്ന് ആദിവാസിസംഘടനകള്‍ പരാതിപ്പെടുന്ന സംഭവങ്ങളും ഉണ്ടായി. എന്നാൽ ജില്ലയിൽ നടന്ന ഉപജില്ലാ മത്സരങ്ങളിൽ അത്തരം പരാതികൾ ഉയർന്നില്ലെന്നതു സംഘാടകർക്ക് അഭിമാനകരമാണ്.
ഗോത്രകലകളിൽ പ്രാവീണ്യമുള്ളവരല്ല വിധികർത്താക്കളായെത്തുന്നതെന്നും മറ്റു കലാവതരണങ്ങൾ വിലയിരുത്തുന്ന മാനദണ്ഡംവച്ചല്ല ഗോത്രകലയെ വിലയിരുത്തേണ്ടതെന്നും അഭിപ്രായങ്ങളുണ്ട്.
മത്സരത്തിനെത്തുന്ന കുട്ടികൾ പലരും ഗോത്രകലകൾ വൻതുക കൊടുത്തു പ്രത്യേകം ആളുകളെവച്ചാണു പരിശീലനം നടത്തി പഠിച്ചെടുക്കുന്നത്.
എന്നാൽ ഗോത്രകലകൾ പരിശീലനത്തിലൂടെയല്ലാതെ പരിചയത്തിലൂടെ തലമുറകൾക്കു പകർന്നുകിട്ടിയവയാണ്. അതുകൊണ്ടുതന്നെ മത്സരയിനമാകുന്പോൾ ശാസ്ത്രീയകലകളുടേതുപോലെ വിലയിരുത്തേണ്ടിവരുന്നതു ശ്രമകരമാണ്.
ഒരുങ്ങി,
സ്വാഗതഗാനം
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിലെ സ്വാഗതഗാനം ഒരുങ്ങി. അന്‍പതോളം അധ്യാപകരാണ് തൃശൂർ മോഡൽ ബോയ്സിൽ നടന്ന സ്വാഗതഗാനാലാപനത്തിന്റെ പരിശീലനം നടത്തിയത്. ആറുമിനിറ്റോളം ദൈർഘ്യമുള്ള സ്വാഗതഗാനത്തിന്റെ രചന കവി രുദ്രൻ വാര്യത്ത്. അധ്യാപകൻ സുന്ദർ പുന്നയൂർക്കുളമാണ് സംഗീതം നൽകിയത്.
വലപ്പാട് ഉപജില്ല മുന്നിൽ
കുന്നംകുളം: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാംദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 232 പോയിന്റ് നേടി വലപ്പാട് ഉപജില്ല മുന്നിലാണ്. 221 പോയിന്റുവീതം നേടി ചാവക്കാട് ഉപജില്ലയും ആതിഥേയരായ കുന്നംകുളം ഉപജില്ലയുമാണ് രണ്ടാംസ്ഥാനത്ത്.
സ്കൂൾതലത്തിൽ 81 പോയിന്റോടെ പാവറട്ടി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളാണ് ഒന്നാമത്. 73 പോയിന്റുമായി ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനത്തുണ്ട്.
ഇന്നു രാവിലെ 9.30 നു കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ടൗൺഹാളിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. യുപി, ഹൈസ്കൂൾ വിഭാഗം മത്സരങ്ങൾ രാവിലെ ഒന്പതുമുതൽ വിവിധ വേദികളിൽ ആരംഭിക്കും.
കലാ അധ്യാപികയായ അജിതയുടെ നേതൃത്വത്തിലാണ് മൂന്നുവർഷമായി ജില്ലാ കലോത്സവത്തിന്റെ സ്വാഗതഗാനവുമായി എത്തുന്നത്.