തുടരുന്ന മഴ: പാടശേഖരങ്ങളിൽ കർഷകവിലാപം
1484103
Tuesday, December 3, 2024 7:09 AM IST
കൊരട്ടി: രണ്ടുദിവസങ്ങളായി തുടരുന്ന മഴയിൽ കൊരട്ടി, കാടുകുറ്റി, അന്നമനട പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെ നെൽകൃഷി വെള്ളത്തിനടിയിലായി. കാടുകുറ്റി പഞ്ചായത്തിലെ വിസ്തൃതിയേറിയ പാടശേഖരങ്ങളിലൊന്നായ ചാത്തൻചാൽ വെസ്റ്റ് - ഈസ്റ്റ് പാടശേഖരങ്ങളിൽ 10 ദിവസം മുതൽ 45 ദിവസംവരെ പ്രായമെത്തിയതുമായ മൂന്നൂറോളം ഏക്കർ നെൽകൃഷിയാണ് മഴയെ തുടർന്ന് നാശത്തിന്റെ വക്കിലെത്തിനിൽക്കുന്നത്.
പഞ്ചായത്തിലെ കുലയിടം, ചെറുവാളൂർ പാടശേഖരങ്ങളും വെള്ളത്തിലാണ്. അന്നമനട പഞ്ചായത്തിലെ വെസ്റ്റ് കൂട്ടുകൃഷി സംഘത്തിന്റെ കീഴിൽ കൃഷിയിറക്കിയ കോതിരപാടം, കാക്കമാവ്, എരട്ടക്കുളം, വഴമ്പനക്കാവ്, വാപ്പറമ്പ് പടവുകളിലും വെള്ളംനിറഞ്ഞു. കൊരട്ടി പഞ്ചായത്തിലെ റെയിൽവേ സ്റ്റേഷൻ, ആറാംതുരുത്ത്, കൂട്ടാലപ്പാടം തുടങ്ങിയ പാടശേഖരങ്ങളും മഴക്കെടുതി നേരിടുകയാണ്. മണ്ണൊരുക്കൽ, വിത്തിടൽ, നടീൽ, വളം, കീടനാശിനിപ്രയോഗം അടക്കമുള്ള പ്രവൃത്തികൾ പൂർത്തിയായതിനു ശേഷമാണ് കർഷകരെ ആശങ്കയിലാക്കി കൃഷിയിടങ്ങളിൽ പെയ്ത്തുവെള്ളം നിറഞ്ഞത്.
വെള്ളം കെട്ടിക്കിടക്കുന്നതിലൂടെ ചെയ്ത നെൽക്കൃഷി നശിച്ചുപോകുമോയെന്ന ഭീതിയാണ് കർഷകർക്ക്. പാടശേഖരങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന തോടുകൾ കാലങ്ങളായി നവീകരിക്കാത്തതുമൂലം സ്വാഭാവിക നീരൊഴുക്കിന് തടസംനേരിടുകയാണ്.
തോടുകൾ മാലിന്യങ്ങളും ചേറും നിറഞ്ഞ നിലയിലാണ്. ലക്ഷങ്ങൾമുടക്കി പുനരുദ്ധരിച്ച കൊരട്ടിച്ചാലിൽ പലയിടങ്ങളിലും ചണ്ടിയും പായലുമാണ്. തോട്ടിൽ വെള്ളംനിറഞ്ഞ് ചണ്ടിയും പായലും പാടശേഖരങ്ങളിലെത്തുന്നത് കർഷകർക്ക് ഇരുട്ടടിയാകും. കൃഷിസംബന്ധമായ ആവശ്യങ്ങൾക്ക് വൻതുക വിനിയോഗിക്കേണ്ടിവരുന്ന കർഷകർക്ക് തോടുകളുടെ പുനരുദ്ധാരണത്തിനും മറ്റു പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിനും പണം കണ്ടെത്തുക ദുഷ്കരമാകും.
വിഷയങ്ങളിൽ ഇടപെടാൻ പഞ്ചായത്തോ, ബന്ധപ്പെട്ട അധികാരികളോ തയാറാകുന്നില്ലെന്ന പരാതികളാണ് കർഷകർ പങ്കുവയ്ക്കുന്നത്. ചുറ്റുമുള്ള ഉയർന്ന പ്രദേശങ്ങളിൽനിന്നും ഒഴുകിയെത്തുന്ന മഴവെള്ളം വന്നടിയുന്നത് താരതമ്യേന താഴ്ന്നുകിടക്കുന്ന ഈ പാടശേഖരങ്ങളിലാണ്. വെയിലിനെയും മഴയെയും അവഗണിച്ച്, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ദുരിതങ്ങൾ അതിജീവിച്ച് നാടിനെ അന്നമൂട്ടുന്ന കർഷകർ നേരിടുന്ന ഇത്തരം വിഷമഘട്ടങ്ങൾ മുന്നിൽകണ്ട് ലഘൂകരിക്കാനും പാടശേഖങ്ങളിൽ കഷകർക്കാവശ്യമായ പശ്ചാത്തലസൗകര്യങ്ങളൊരുക്കാനും അധികൃതർ തയാറാകണമെന്നാണ് കർഷകർ പറയുന്നത്.