നുകവും ചാട്ടവാറടിയുമായി എച്ച്എസ്എസ് അധ്യാപകരുടെ പ്രതിഷേധം
1461606
Wednesday, October 16, 2024 7:17 AM IST
തൃശൂർ: ട്രഷറിയിൽനിന്നു ശമ്പളംകിട്ടാൻ ശമ്പള ബിൽ വിദ്യാഭ്യാസ ഓഫീസർമാർ കൗണ്ടർസൈൻ ചെയ്യണമെന്ന ധനകാര്യവകുപ്പ് ഉത്തരവ് എയ്ഡഡ് മേഖലയോടുള്ള വിവേചനമാണെന്നു എഎച്ച് എസ്ടിഎ. ഇതിനെതിരെ കഴുത്തിൽ നുകം കെട്ടിവച്ചു ചാട്ടവാറടിയുമായി അധ്യാപകർ കോർപറേഷനുമുന്പിൽ പ്രതീകാത്മകസമരം നടത്തി.
എയ്ഡഡ് വിദ്യാലയങ്ങളിൽ സർക്കാരിന്റെ അമിതമായ ഇടപെടലുകൾക്ക് അവസരമൊരുക്കാനും രാഷ്ട്രീയതാത്പര്യങ്ങൾ സ്ഥാപിച്ചെടുക്കാനുംവേണ്ടിയാണ് പുതിയ ഉത്തരവ്.
ട്രഷറികൾ ഡിജിറ്റൈസ് ചെയ്തു സ്ഥാപനമേധാവികൾക്കു നേരിട്ടു ശമ്പളബില്ലുകൾ സമർപ്പിക്കാനുള്ള അനുമതി നൽകിയതോടെ സാങ്കേതികമായ നൂലാമാലകൾ ഒഴിവാക്കി അധ്യാപകർക്കു സമയത്തു ബില്ലുകൾ മാറിയെടുക്കാൻ സാധിച്ചിരുന്നു.
അമിതജോലിഭാരംമൂലം ജീവനക്കാരെയും അധ്യാപകരെയും ആത്മഹത്യയിലേക്കു തള്ളിവിടുന്ന സർക്കാർ പുതിയ ഉത്തരവിലൂടെ കൂടുതൽ ജോലിഭാരം വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരിൽ അടിച്ചേല്പിക്കുകയാണെന്നും എഎച്ച്എസ്ടിഎ കുറ്റപ്പെടുത്തി. സായാഹ്നധർണ സംസ്ഥാന ട്രഷറർ കെ.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ. മജുഷ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് നീൽ ടോം മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാനസെക്രട്ടറി ഷാജു കെ. ഡേവിസ്, അജിത് പോൾ ആന്റോ, മർഫിൻ ടി. ഫ്രാൻസിസ്, പ്രിൻസിപ്പൽ ഫോറം ജില്ലാ കൺവീനർ റീജ ഗോപാലൻ, ജസ്റ്റിൻ ജോസ്, പി.ടി. കിറ്റൊ, കെ.ആർ. രഘുരാമൻ, രഞ്ചു ജേക്കബ്, ജീസൺ കാക്കശേരി, ജസ്റ്റിൻ ജോണി എന്നിവർ പങ്കെടുത്തു.