ഞർളക്കടവ് പുഴയോരത്തു കരിങ്കൽഭിത്തി കെട്ടിത്തുടങ്ങി; പ്രദേശവാസികൾക്ക് ആശ്വാസം
1458451
Wednesday, October 2, 2024 7:57 AM IST
കാടുകുറ്റി: പുഴയോരം ഇടിയുന്നതിനെത്തുടർന്ന് ഭീതിയിലായ ഞർളക്കടവ് നിവാസികൾക്ക് ഇനി ആശ്വാസിക്കാം. ചാലക്കുടി പുഴയുടെ ഭാഗമായ വൈന്തല പ്രോജക്ട് കടവ് മുതൽ ഞർളക്കടവ് വരെയുള്ള പുഴയോരം കരിങ്കൽഭിത്തി കെട്ടി സംരക്ഷിക്കുന്ന നടപടികൾക്കാണു തുടക്കമായത്.
മഴക്കാലത്ത് ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുകയും പിന്നീട് വെള്ളം ഇറങ്ങുകയും ചെയ്യുമ്പോൾ മണ്ണിടിച്ചൽ ശക്തമാകുകയും ഭൂമി പുഴയെടുക്കുകയും ചെയ്യുന്നതുമൂലം പ്രദേശത്തെ ജനങ്ങൾ നിരാശയിലായിരുന്നു.
കൂടാതെ 2018ലെയും 2019ലെയും പ്രളയത്തിന്റെ തിക്തഫലങ്ങൾ ഏറ്റുവാങ്ങിയ മേഖലയാണ് ഞർളക്കടവും സമീപ പ്രദേശങ്ങളും. പുഴ ദിശമാറി ഒഴുകിയതും ഈ പ്രദേശത്തുകൂടിയാണ്. ഇതു മൂലം പടിഞ്ഞാറൻ മേഖലകളും പ്രളയക്കെടുതിയിൽ വലഞ്ഞിരുന്നു.
470 മീറ്റർ ദൂരം നാലുമീറ്റർ ഉയരത്തിൽ കരിങ്കൽഭിത്തികെട്ടിയാണ് സംരക്ഷണമൊരുക്കുന്നത്. 2022 -23 സാമ്പത്തിക വർഷത്തിൽ സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണു ബജറ്റിൽ ഒന്നരക്കോടി രൂപ ഇതിനായി വകയിരുത്തിയിരിക്കുന്നത്. സംരക്ഷണഭിത്തികെട്ടൽ അടിയന്തരമായി പൂർത്തീകരിക്കാനാണുശ്രമമെന്ന് അധികൃതർ പറഞ്ഞു.