പുത്തൂരിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1441700
Saturday, August 3, 2024 11:32 PM IST
പുത്തൂർ: പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി. കൈനൂർ സ്വദേശി കാരാട്ടുപറമ്പിൽ തിലകന്റെ മകൻ അഖിലാണ് (24) മരിച്ചത് .
എൻഡിആർഎഫും ഫയർഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ പുത്തൂർ കോലത്തുകടവിൽ മരച്ചില്ലയിൽ തടഞ്ഞുനിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 30നാണ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കൈനൂർ റോഡിലെ വെള്ളക്കെട്ടിൽ ഒഴുക്കിൽപ്പെട്ടത്. തൃശൂരിലെ ബൈക്ക് ഷോറും ജീവനക്കാരനായ യുവാവ് വീടിനു സമീപം വെള്ളം കയറിയതറിഞ്ഞ് വീട്ടിലേക്ക് പോവും വഴിയാണ് അപകടത്തിൽപ്പെട്ടത്.
നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്ക് പ്രതിസന്ധിയായി. തുടർച്ചയായ നാലു ദിവസം തെരച്ചിൽ നടത്തിയിട്ടും അഖിലിനെ കണ്ടെത്താനായില്ല.
തുടർന്ന് മന്ത്രി കെ.രാജന്റെ നിർദേശ പ്രകാരമാണ് എൻഡിആർഎഫും ഫയർ ഫോഴ്സ് സ്കൂബ ടീമും തെരച്ചിൽ നടത്തിയത്. മന്ത്രി കെ.രാജൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ജോസഫ് ടാജറ്റ്, കെ.വി. സജു, പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.