തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മൂന്നില്‍ രണ്ടും ഇടതിന്, ഒരിടത്ത് എൻഡിഎ
1440935
Thursday, August 1, 2024 2:28 AM IST
വെള്ളാങ്കല്ലൂർ
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പത്തുകടവ് ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി സുമിത ദിലീപ് വിജയിച്ചു. ബ്ലോക്ക് പഞ്ചായ അംഗമായിരുന്ന ബീന പ്രഭാകരന്റെ മരണത്തെത്തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.
എൽഡിഎഫിലെ സിപിഐ സ്ഥാനാർഥി സുമിത ദിലീപ് 1950, യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാർഥി നസിയ മര്‍സുഖ് 1691, ബിജെപി സ്ഥാനാര്‍ഥി ചിന്നു സജീവ് 791 എന്നിങ്ങനെയാണ് വോട്ടുനില. 13 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് 10 അംഗങ്ങളും പ്രതിപക്ഷമായ യുഡിഎഫിന് മൂന്ന് അംഗങ്ങളുമാണുള്ളത്.
മുള്ളൂർക്കര
വടക്കാഞ്ചേരി: മുള്ളൂർക്കര പഞ്ചായത്ത് വണ്ടിപ്പറമ്പ് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം.
ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കെ.സി. ജയദാസ് ആണ് 217 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എൻ.എസ്.വർഗീസാണ് പരാജയപ്പെട്ടത്.
എൽഡിഎഫിന്റെ മെമ്പറുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കഴിഞ്ഞദിവസമായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
പാവറട്ടി
പാവറട്ടി: ഗ്രാമ പഞ്ചായത്ത് കാളാനി ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്ക് അട്ടിമറി വിജയം. 291 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചെടുത്തത്. ബിജെപിയിലെ സരിത രാജീവ് (എൻഡിഎ)- 556 വോട്ടും, എസ്ഡിപിഐ സ്ഥാനാർഥിയായി ഷാമില ഹബീബ് 265 വോട്ടും, കോൺഗ്രസിലെ ഷജിന സന്തോഷ് (യുഡിഎഫ്) 97 വോട്ടും, സിപിഎം സ്വതന്ത്ര ബബിത സുരേഷ് (എൽഡിഎഫ്) 29 വോട്ടും, കരസ്ഥമാക്കി. ചാവക്കാട്പി ഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഒ.എച്ച്. റംല വരണാധികാരിയായിരുന്നു.