കര്‍ക്കടകപ്പുലരിയില്‍ ആറാടി താണിക്കുടത്തമ്മ
1436634
Wednesday, July 17, 2024 1:16 AM IST
രാമവര്‍മപുരം: കാത്തിരുന്ന അനുഗ്രഹ വര്‍ഷമായി പുഴ ഒഴുകിയെത്തിയതോടെ താണിക്കുടത്തമ്മയ്ക്ക് ആറാട്ട്.
കനത്തു തിമിര്‍ത്തു പെയ്ത മഴയില്‍ താണിക്കുടം തോട് എല്ലാ അശുദ്ധിയും ഒഴുക്കിക്കളഞ്ഞ് തെളിഞ്ഞതോടെ നിറഞ്ഞുതുളുമ്പി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതോടെ ഭക്ത മനസുകള്‍ കാത്തിരുന്ന താണിക്കുടത്തമ്മയുടെ ആറാട്ടിനു കര്‍ക്കടകപ്പുലരി ഉണർന്നു.
നനദുര്ഗയായ താണിക്കുടത്തമ്മയ്ക്ക് താണിക്കുടം തോട് കരകവിഞ്ഞൊഴുകി എത്തുമ്പോഴാണ് എല്ലായ്പ്പോഴും ആറാട്ട്. മറ്റു ക്ഷേത്രങ്ങളിലെ പോലെ ആറാട്ടിനായി വിഗ്രഹം കുളത്തിലേക്കു കൊണ്ടുപോകാറില്ല. വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകളും കുട്ടികളും അടക്കം താണിക്കുടത്തമ്മയ്ക്കൊപ്പം ആറാട്ടില്‍ പങ്കെടുത്തു.
മേല്‍ശാന്തി കോശേരി വാസുദേവന്‍ നമ്പൂതിരി ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയനും മകളും മേള പ്രമാണി കിഴക്കൂട്ട് അനിയന് മാരാരും പേരക്കുട്ടികളും പങ്കെടുത്തു.