മുരിങ്ങൂർ ഡിവൈൻ ജംഗ്ഷനിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല, പ്രതിഷേധവുമായി നാട്ടുകാർ
1436484
Tuesday, July 16, 2024 1:23 AM IST
മുരിങ്ങൂർ: ഡിവൈൻ ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിയാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. മഴ പെയ്താൽ ഡിവൈൻ ജംഗ്ഷനിലെ സർവീസ് റോഡിൽ വെള്ളം ഉയരുകയാണ്.
ഇതുവഴി കടന്നുപോകാൻ വാഹനങ്ങളും കാൽനടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. വർഷങ്ങളായി ഇതാണ് ഇവിടത്തെ സ്ഥിതി. കാനകളുടെ നിർമാണത്തിലെ അപാകതയാണു കാരണം വെള്ളം കാനയിലൂടെ നേരിട്ട് പുഴയിലേക്ക് ഒഴുകി വിട്ടാൽ മാത്രമെ പ്രശനത്തിനു പരിഹാരമാകുകയുള്ളു.
അധികൃതർ വെള്ളക്കെട്ട് ഒഴിവാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈൻ നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങി. പി.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. മുൻപഞ്ചായത്ത് സെക്രട്ടറി പി.ഐ. പൗലോസ് പ്രതിഷേധജ്വാല തെളിയിച്ചു.
പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ നാട്ടുകാർ ശക്തമായ പ്രതിഷേധ സമരം നടത്തുവാനാണു തീരുമാനം.