ഗുരുവായൂരിലും കല്ലൂരിലുമായി മൂന്ന് അപകടങ്ങൾ
1429361
Saturday, June 15, 2024 1:31 AM IST
ടാങ്കർലോറി നിർത്തിയിട്ട
ടിപ്പറിലിടിച്ച് അപകടം
ഗുരുവായൂർ: കണ്ടാണശേരി പാരീസ് റോഡിൽ ടാങ്കർ ലോറി നിർത്തിയിട്ടിരുന്ന ടിപ്പറിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുലോറികളും മറിഞ്ഞു.
ടാങ്കർ ലോറിയിലുണ്ടായിരുന്ന രണ്ടു പേർക്കു നിസാരപരിക്കേറ്റു. അത്താണി ചെറുകുന്ന് ചക്കാലിക്കൽ മനു(24), അത്താണി പൂളോത്ത് തുണ്ടിയിൽ അഭിജിത്ത്(20) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ഏഴോടെയാണ് അപകടം. ചൂണ്ടൽ ഭാഗത്തുനിന്ന് വരികയായിരുന്നു ടാങ്കർ ലോറി. മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് തിരിച്ചതോടെ അപകടം ഒഴിവാക്കാനായി വശത്തേക്ക് എടുത്തതോടെ നിർത്തിയിട്ടിരുന്ന ടിപ്പറിൽ ഇടിക്കുകയായിരുന്നു. ഇതോടെ ടിപ്പർ ലോറി തോട്ടിലേക്കും ടാങ്കർ ലോറി റോഡ് വശത്തും മറിഞ്ഞു. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
കെഎസ്ആർടിസി
ദേവസ്വം റോഡിലെ
ബാരിക്കേഡ് തകർത്തു
ഗുരുവായൂർ: നിയന്ത്രണംവിട്ട കെഎസ് ആർടിസി ബസ് പടിഞ്ഞാറെ നടയിൽ ഗതാഗതം നിരോധിച്ച ദേവസ്വം റോഡിലേക്ക് പാഞ്ഞുകയറി ബാരിക്കേഡ് ഇടിച്ചുതകർത്ത് നിന്നു. റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണു സംഭവം. എറണാകുളത്തുനിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന ബസ് പടിഞ്ഞാറെ നടയിലെത്തിയപ്പോഴാണ് നിയന്ത്രണം പോയത്. ഓട്ടോറിക്ഷകളിൽ തട്ടിയ ബസ് നേരെ ആൾ തിരക്കില്ലാതിരുന്ന ദേവസ്വം റോഡിലേക്ക് എടുത്തു. വാഹനഗതാഗതം നിരോധിക്കുന്നതിനായി ദേവസ്വം സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡ് ഇടിച്ചുനിന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനവും ബസിനടിയിൽ പെട്ടു. ബസിന്റെ വാക്വം പൈപ്പ് തകരാറായതാണ് നിയന്ത്രണംവിടാൻ ഇടയായതെന്ന് മെക്കാനിക്ക് പറഞ്ഞു. വൈകുന്നേരത്തോടെ കേടുപാട് പരിഹരിച്ച് ബസ് സ്റ്റാൻഡിലെത്തിച്ചു.
കല്ലൂരിൽ ചരക്കുലോറി
സ്വകാര്യബസിലും
കാറിലും ഇടിച്ചു
കല്ലൂര്‍: കൊല്ലക്കുന്ന്വളവില് ചരക്ക് ലോറി സ്വകാര്യ ബസിലും കാറിലും ഇടിച്ചു. ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു അപകടം. കല്ലൂരില്‍ നിന്ന് തൃശൂരിലേക്കുപോയിരുന്ന മാലാഖ ബസിലും വഴിയോരത്ത് നിര്‍ത്തിയിട്ട കാറിലുമാണ് ലോറി ഇടിച്ചത്. സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിനിടെ ടോള്‍ ഒഴിവാക്കിവന്ന ലോറി ബസിന്റെ പിറകുവശത്ത് ഇടിക്കുകയായിരുന്നു.
ബസ് നിര്‍ത്തിയിട്ടത് കണ്ടിട്ടും ലോറി മുന്നോട്ട് എടുത്തതാണ് അപകടകാരണം. സമീപത്ത് നിര്‍ത്തിയിട്ട കാറിന്റെ പിറകിലും ഇടിച്ചാണ് ലോറി നിന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെങ്കിലും എല്ലാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബസിന്റെയും കാറിന്റെയും പിറകുവശത്ത് കേടുപാടുകള്‍ സംഭവിച്ചു.
അപകടങ്ങള്‍ പതിവായ കൊല്ലക്കുന്ന് വളവില്‍ ടോള്‍ ഒഴിവാക്കിവരുന്ന വാഹനങ്ങള്‍ അമിതവേഗതയില്‍ വരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. രാത്രികാലങ്ങളിലും ഇവിടെ അപകടങ്ങള്‍ പതിവാണ്. റോഡിലേക്കു പടര്‍ന്നു നില്ക്കുന്ന മരച്ചില്ലകൾ കാഴ്ചമറക്കുന്നതായി പരാതി ഉയരുന്നുണ്ട്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ വശങ്ങള് ശുചീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.