പ്രായമായ ആളുകളെ സംരക്ഷിക്കേണ്ട ചുമതല സമൂഹത്തിന്: മന്ത്രി കെ. രാധാകൃഷ്ണന്
1339886
Monday, October 2, 2023 1:08 AM IST
തൃശൂർ: പ്രായമായ ആളുകളെ സംരക്ഷിക്കേണ്ട ചുമതല നമ്മുടെ സമൂഹത്തിനാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. വിമല കോളജില്‍ നടന്ന ജില്ലയിലെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വയോജന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വയോജനങ്ങള്‍ക്കായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും 2025 നവംബര്‍ ഒന്ന് ആകുമ്പോള്‍ അതിദരിദ്രര്‍ ഇല്ലാത്ത, വിശപ്പിലാത്ത, പട്ടിണിയില്ലാത്ത നാടായി മാറാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം ഒളരിയില്‍ വയോജനങ്ങള്‍ക്കായി ഒരുങ്ങുന്ന വിഭവകേന്ദ്ര കെട്ടിടം ആറു മാസത്തിനകം തുറന്നുനല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പറഞ്ഞു. മേയര്‍ എം.കെ. വര്‍ഗീസ് വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ മുഖ്യപ്രഭാഷണം നടത്തി. മുന്‍ദേശീയ കായിക താരം കെ.എം. റോസമ്മ, സംസ്ഥാന വയോസേവന പുരസ്കാരത്തിന് ജില്ലയില്‍ നിന്ന് ശുപാര്‍ശ ചെയ്യപ്പെട്ട മൂത്തമന പരമേശ്വരന് നമ്പൂതിരി, ജോണ്സണ് കോലങ്കണ്ണി, എം.എന്‍. കുര്യപ്പന് എന്നീ വ്യക്തകളെയും വടക്കാഞ്ചേരി നഗരസഭയെയും മന്ത്രി ആദരിച്ചു.
ചടങ്ങില്‍ ലയണ്‍സ് ക്ലബ് കൈമാറിയ ആന്റി സ്കിഡ് മാറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജോയ്സി സ്റ്റീഫന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എം. അഹമ്മദ്, കൗണ്‍സിലര്‍ അഡ്വ. വില്ലി ജിജോ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജോയ്സി സ്റ്റീഫന്‍, വയോജന കൗണ്‍സില്‍ സ്റ്റേറ്റ് കമ്മിറ്റി അംഗം പി.പി. ബാലന്, ഇ.സി. പത്മരാജന്, വിമല കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബീന ജോസ്, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കൃഷ്ണ രവീന്ദ്രന്, കെ.പി. സജീവ്, സന്തോഷ് പി. ജോസ്, സി. ആന്മരിയ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.