ജില്ലയിൽ മാലിന്യ പരിശോധന; 2,72,500 രൂപ പിഴ ചുമത്തി
1339342
Saturday, September 30, 2023 12:58 AM IST
തൃശൂർ: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് 272500 രൂപ പിഴ ചുമത്തി.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിപണനം, മലിനജലം പൊതു സ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിവിടുക, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുക, സ്ഥാപനങ്ങളിൽ ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്താതിരിക്കുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഓഫീസിൽ നിന്നും ജില്ലാ അസി. ഡയറക്ടർമാരുടെയും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ എട്ടു സ്കാർഡുകളായാണ് ആകസ്മിക പരിശോധന നടത്തിയത്. 11 തദ്ദേശസ്ഥാപനങ്ങളിലായി നടത്തിയ പരിശോധനകളിൽ 258.5 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ അസി. ഡയറക്ടർമാരായ വി. ആന്റണി, നൈസി റഹ്മാൻ, ആൻസൻ ജോസഫ്, ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ പി.എൻ. വിനോദ്കുമാർ, സി.കെ. ദുർഗാദാസ്, സജി തോമസ്, മുഹമ്മദ് അനസ്, മിജോയ് മൈക്കിൾ എന്നിവർ നേതൃത്വം നൽകി.
പരിശോധനയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ സെക്രട്ടറിമാരും ആരോഗ്യ വിഭാഗം ഉൾപ്പെടെയുള്ള ജീവനക്കാരും പങ്കെടുത്തു.
പരിശോധന വരും ദിവസങ്ങളും തുടരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ അറിയിച്ചു.