കൊരട്ടി: കൊരട്ടിമുത്തിയുടെ തിരുനാളിനോട് അനുബന്ധിച്ചു ഒരുക്കങ്ങൾ വിലയിരുത്താൻ സർക്കാർ വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെ യോഗം ചേർന്നു. കൊരട്ടി പള്ളിയുടെ നേതൃത്വത്തിൽ പള്ളി ഹാളിൽ വിളിച്ചു ചേർത്ത അവലോകന യോഗം സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസ് ഇടശേരി അധ്യക്ഷനായി. വിശ്വാസികൾക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ക്രമീകരണമൊരുക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ക്രമസമാധാനത്തിനായി പരമാവധി പോലീസിനെ വിന്യസിക്കും.
നിലവിലുള്ള കാമറകൾക്ക് പുറമെ 15 അഡീഷണൽ കാമറകൾ സജ്ജമാക്കി നിരീക്ഷണം ശക്തമാക്കും. പള്ളിയങ്കണത്തിലും പാതയോരങ്ങളിലും കുമിഞ്ഞുകൂടിയേക്കാവുന്ന മാലിന്യങ്ങൾ ഹരിത കർമസേനയുടെ സഹായത്തോടെ പഞ്ചായത്തു നീക്കം ചെയ്യും. ആയുർവേദം, ഹോമിയോ, അലോപ്പതി ക്ലിനിക്കുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മരിയൻ സെന്ററിൽ സജ്ജമാക്കും. ആംബുലൻസ്, ഫസ്റ്റ് എയ്ഡ് സംവിധാനങ്ങളൊരുക്കും. തിരുനാളിനോടനുബന്ധിച്ച് പള്ളിക്ക് പരിസരങ്ങളിൽ തുടങ്ങുന്ന താൽക്കാലിക ഭക്ഷണശാലകളിൽ ആരോഗ്യ പ്രവർത്തകരുടെ പരിശോധന കർശനമാക്കും.
തിരുനാളിന്റെ ഭാഗമായി താൽക്കാലിക കച്ചവടങ്ങൾക്കെത്തുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കും.
വാഹന പാർക്കിംഗിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫയർഫോഴ്സ്, കെ എസ്ഇബി വിഭാഗങ്ങൾ അനുശാസിക്കുന്ന മുഴുവൻ മുൻകരുതലുകളും ക്രമീകരിക്കും. തിരുനാളിനെത്തുന്ന ഭക്തജനങ്ങൾക്കും മറ്റും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
പോലീസ് - എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ മയക്കുമരുന്ന്, അനധികൃത ലഹരി വിൽപ്പന തുടങ്ങിയവക്കെതിരെ ജാഗ്രത പുലർത്തും. ഗതാഗത തടസം സൃഷ്ടിക്കുന്ന വഴിയോരക്കച്ചവടം അനുവദിക്കില്ല. പോലീസ്, എക്സൈസ്, ഫയർ ആൻഡ് റസ്ക്യു, തദ്ദേശ സ്വയംഭരണം, വാട്ടർ അഥോറിറ്റി, കെ എസ്ഇബി, കെ എസ്ആർടിസി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, കൊരട്ടി എസ്ഐ ബിജുലാൽ, വാർഡ് മെന്പർ ചാക്കപ്പൻ പോൾ, പഞ്ചായത്ത് പ്രതിനിധികളായ കെ.ആർ. സുമേഷ്, വർഗീസ് പയ്യപ്പിള്ളി, ജെയ്നി ജോഷി, പി.ജി. സത്യപാലൻ, ഷിമ സുധിൻ, ഗ്രേസി സ്കറിയ, ഇടവക ട്രസ്റ്റിമാരായ നിജു ജോയ്, ജോഫി നാൽപ്പാട്ട്, തിരുനാൾ ജനറൽ കണ്‍വീനർ ജോമോൻ ജോസ് പള്ളിപ്പാട്ട്, ജോയിന്റ് കണ്‍വീനർ ദേവസിക്കുട്ടി കവലക്കാട്ട് എന്നിവർ പ്രസംഗിച്ചു. ഒക്ടോബർ11 ന് കൊടിയേറും. 14, 15 തിയതികളിലാണ് തിരുനാൾ. 21, 22 തിയതികളിൽ എട്ടാമിടവും ആഘോഷിക്കും.
മുത്തിയുടെ തിരുനാളിന് മുന്നോടിയായി വിളിച്ചു ചേർത്ത അവലോകന യോഗം സനീഷ് കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.