തട്ടേക്കാട് പക്ഷിസങ്കേതം അതിർത്തി പുനർനിർണയം ; "കേന്ദ്ര വിദഗ്ധ സമിതി പരിശോധിക്കും’
1466872
Wednesday, November 6, 2024 2:06 AM IST
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിർത്തി പുനർനിർണയം കേന്ദ്ര വിദഗ്ധ സമിതി പരിശോധന നടത്തുമെന്ന് ആന്റണി ജോണ് എംഎൽഎ. തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽനിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശിപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡ് സ്റ്റാന്റിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങളാണ് സ്ഥലം സന്ദർശിക്കുന്നത്.
അടുത്ത മാസം 19, 20, 21 തീയതികളിലാണ് തട്ടേക്കാട്, പന്പാവാലി, ഏയ്ഞ്ചൽ വാലി എന്നീ പ്രദേശങ്ങളിൽ സംഘം പരിശോധന നടത്തുക. വിദഗ്ധ സംഘത്തിൽ പ്രധാനമായും മൂന്ന് അംഗങ്ങളുണ്ടായിരിക്കും. ദേശീയ വന്യജീവി ബോർഡ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും ശാസ്ത്രജ്ഞനുമായ ഡോ. സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ടൈഗർ റിസർവ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരിക്കും.
വിഷയങ്ങൾ ശിപാർശ ചെയ്യുന്നതിനായി കഴിഞ്ഞമാസം അഞ്ചിന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗമാണ് ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വന്യജീവി ബോർഡിനോട് ശിപാർശ ചെയ്തുകൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന വന്യജീവി ബോർഡിന്റെ ശിപാർശ കേന്ദ്ര വന്യജീവി ബോർഡിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി പരിഗണനയ്ക്ക് കൊണ്ടുവരാൻ സാധിച്ചുവെന്നത് സംസ്ഥാന സർക്കാരിന്റെ നേട്ടവും ഈ വിഷയങ്ങളിൽ കാണിക്കുന്ന ആത്മാർഥമായ പ്രവർത്തനത്തിന്റെ ഫലവുമാണെന്ന് എംഎൽഎ പറഞ്ഞു.