അപകടക്കുഴികൾ നികത്തി പൊതുമരാമത്ത് വകുപ്പ്
1467090
Thursday, November 7, 2024 1:24 AM IST
മൂവാറ്റുപുഴ : എംസി റോഡിൽ പേഴയ്ക്കാപ്പിള്ളി ജംഗ്ഷനിലെ അപകടക്കുഴികൾ അതിവേഗം നികത്തി പൊതുമരാമത്ത് വകുപ്പ്. വലിയ കുഴികൾ മൂലം അപകടങ്ങളും വെള്ളക്കെട്ടുകളും രൂപപ്പെട്ടതോടെ അടിയന്തര നടപടി ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ പൊതുമരാമത്ത് അധികൃതർക്ക് കത്ത് നൽകിയിരുന്നു.
പായിപ്ര നെല്ലിക്കുഴി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് അപകടകരമാംവിധം വലിയ കുഴികൾ രൂപപ്പെട്ടിരുന്നത്. മഴയെത്തിയതോടെ റോഡിലൂടെ വെള്ളം ഒഴുകുന്നതിനാൽ കുഴികൾ കാണാൻ സാധിച്ചിരുന്നില്ല . കുഴികളിൽ ഇരുചക്രവാഹനങ്ങൾ അടക്കം ചെറുവണ്ടികൾ വീണ് വാഹനങ്ങൾക്ക് കേടുപാടുകളും ആളുകൾക്ക് പരിക്കുമേൽക്കുന്നത് നിത്യസംഭവമായിരുന്നു.
പലതവണ കുഴികൾ അടച്ചിരുന്നുവെങ്കിലും വലിയ ഭാരവണ്ടികളുടെ യാത്ര മൂലം കുഴികൾ വീണ്ടും വലുതായി രൂപപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം സ്ഥലത്തെത്തിയ എംഎൽഎ അഞ്ച് ദിവസത്തിനകം വലിയ കുഴികൾ അടച്ച് റോഡ് കൂടുതൽ സഞ്ചാരയോഗ്യമാക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നല്കിയിരുന്നു