തൃക്കാക്കരയിൽ മാലിന്യംതള്ളുന്ന ലോറി പിടികൂടി
1466878
Wednesday, November 6, 2024 2:06 AM IST
കാക്കനാട്: തുതിയൂർ കാളച്ചാൽ തോടിനു സമീപം സ്ഥിരമായി മാലിന്യം തള്ളിയിരുന്ന ലോറി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പിടിയിലായി. കെഎൽ 07 എക്യു 1813 നമ്പറിൽ രജിസ്റ്റർചെയ്തിട്ടുള്ള ലോറി മാറമ്പള്ളി സ്വദേശി സക്കീറിന്റെ ഉടമസ്ഥയിലുള്ളതാണ്
ലോറിയെന്ന് അധികൃതർ പറഞ്ഞു.
വാഴക്കാല സ്വദേശി ഫൈസൽ ആയിരുന്നു ഡ്രൈവർ. വാഹനവും ഡ്രൈവറെയും തൃക്കാക്കര പോലീസിന് കൈമാറി. വാഹനത്തിന്റെ നമ്പർ തിരിച്ചറിയാനാവാത്ത വിധം ചെളി പൂശിയാണ് സ്ഥിരമായി കാളച്ചാൽ മേഖലയിൽ മാലിന്യം തള്ളിയിരുന്നത്. മാറമ്പിള്ളി ഭാഗത്തുള്ള കമ്പനികളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സ്ഥിരമായി ഇവർ വഴിയരികിൽ തള്ളിയിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇതേ വാഹനം മാലിന്യവുമായി എത്തിയപ്പോൾ നഗരസഭ ആരോഗ്യ വിഭാഗം പിടികൂടുകയും ഒന്നര ലക്ഷം രൂപ പിഴ ചുമത്തിയതുമാണ്. അന്ന് ചുമത്തിയ പിഴ ഇതുവരെ അടച്ചിട്ടുമില്ല.നഗരസഭ ഉദ്യോഗസ്ഥർ വാഹന ഉടമയെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഉടമയെ കിട്ടിയിരുന്നില്ല. തുടർച്ചയായി നിയമലംഘനം നടത്തിക്കൊണ്ടിരുന്ന ലോറിയാണ് വീണ്ടും പിടിയിലായതെന്ന് ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട് പറഞ്ഞു.
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ സത്താർ, താരിഫ് ഇബ്രാഹിം,അമൽ തോമസ്,ജെന്നി ജോസ്,സബീന എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.