സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്നയാൾ പിടിയിൽ
1467091
Thursday, November 7, 2024 1:24 AM IST
മൂവാറ്റുപുഴ: മാധ്യമങ്ങളിൽ സ്ഥലം വില്പനയ്ക്കെന്ന് പരസ്യം നൽകുന്നവരെ ഫോണിൽ വിളിച്ച് സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്നയാൾ മൂവാറ്റുപുഴ പോലീസിന്റെ പിടിയിൽ. കോട്ടയം വാഴൂർ ഇളക്കുന്നേൽ വാടകയ്ക്ക് താമസിക്കുന്ന, കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി തട്ടാംപറന്പിൽ മണി (68)യെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സ്ഥലം ബ്രോക്കർ എന്ന് പരിചയപ്പെടുത്തി വൻതുകകൾ വായ്പയായും, കൊടുക്കുന്ന തുകക്ക് ഇരട്ടി തുക നൽകും എന്നും വാഗ്ദാനം നൽകിയും തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ മുഖ്യാസൂത്രധാരനാണ് അറസ്റ്റിലായത്. ആലുവ സ്വദേശിയുടെ 15 ലക്ഷമാണ് തട്ടിപ്പിലൂടെ നഷ്ടമായത്.
സ്ഥലം വില്പനയ്ക്ക് എന്ന് പരസ്യം നൽകിയ പരാതിക്കാരനെ ഫോണിൽ വിളിച്ച് ജോഷി എന്നു പേര് പറഞ്ഞ് സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. സിനിമാ മേഖലയിൽ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി തന്റെ കൈവശം പലരുടേയും കള്ളപ്പണം ഉണ്ടെന്ന് പറയുകയും, കുറഞ്ഞ പലിശയ്ക്ക് പണം വാഗ്ദാനം നൽകിയും, തമിഴ്നാട്ടിൽ നിന്ന് പണം കുറഞ്ഞ പലിശയ്ക്ക് നൽകാമെന്നും മറ്റും വാഗ്ദാനം നൽകി സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ടുകൾ മൂവാറ്റുപുഴയിലെത്തിച്ച് കൈമാറി തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗമാണ് പ്രതി.
ജോഷി എന്ന വ്യാജപേരിലാണ് പ്രതി ഇരകളെ ബന്ധപ്പെട്ടിരുന്നത്. നാഗമാണിക്യം, ഇരുതലമൂരി, പല്ലെനിയം, ഇറിഡിയം എന്നിങ്ങനെ വിവിധ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. 10 ലക്ഷം രൂപ ഇയാൾക്ക് മുൻകൂറായി നൽകിയാൽ കള്ളപ്പണത്തിൽ നിന്ന് 20 ലക്ഷം നൽകുമെന്നും ബിസിനസ് നടത്തി ലാഭം കിട്ടിയ ശേഷം ബാക്കി 10 ലക്ഷം തിരികെ കൊടുത്താൽ മതിയെന്നുമാണ് വാഗ്ദാനം. ഒരു തട്ടിപ്പിന് ഒരു സിംകാർഡ് എന്ന രീതിയാണ് പ്രതി ഉപയോഗിച്ചിരുന്നത്. അതിനു ശേഷം ആ സിം കാർഡ് ഉപേക്ഷിക്കുന്നതാണ് പതിവ്. വിവിധ ആളുകളുടെ പേരിൽ വ്യാജസിം കാർഡ് എടുത്താണ് പ്രതി തട്ടിപ്പ് നടത്തിവന്നിരുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലുള്ള ആളുകളെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
തട്ടിപ്പ് നടത്തിയതിൽ അഞ്ചു ലക്ഷത്തോളം രൂപയും,ധാരാളം മൊബൈൽ ഫോണുകളും പ്രതിയുടെ താമസസ്ഥലത്ത് ഒളിപ്പിച്ചനിലയിൽ നിന്നും പോലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തിനായി വ്യാജ നന്പർ പ്ലേറ്റ് ഘടിപ്പിച്ച കാർ ഉപയോഗിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട് . പോലീസ് കോട്ടയത്ത് ദിവസങ്ങളോളം വേഷപ്രച്ഛന്നരായി താമസിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.എം. ബൈജു, ഇൻസ്പെക്ടർ കെ.കെ. രാജേഷ്, പി.കെ. വിനാസ്, പി.സി. ജയകുമാർ സീനിയർ സിപിഒ ബിബിൽ മോഹൻ, രഞ്ജിത് രാജൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.