"ഐ ലൗ ആലുവ' ഇൻസ്റ്റലേഷൻ: ചുവന്ന ലൈറ്റും അമിത വെളിച്ചവും ഒഴിവാക്കും
1466864
Wednesday, November 6, 2024 2:05 AM IST
ആലുവ: റെയിൽവേ സ്റ്റേഷൻ സ്ക്വയറിലെ "ഐ ലൗ ആലുവ' ഇൻസ്റ്റലേഷനെ ചൊല്ലി പൊതുമരാമത്ത് വകുപ്പും ആലുവ നഗരസഭയും തമ്മിലുളള ഒന്നര വർഷം നീണ്ട തർക്കത്തിന് താത്കാലിക പരിഹാരം.
അമിത പ്രകാശം നൽകുന്ന ബൾബുകളും ചുവന്ന നിറവും മാറ്റി ഇൻസ്റ്റലേഷൻ നിലനിർത്താമെന്ന് ആലുവ നഗരസഭ ട്രാഫിക് പോലീസിനെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെയോ ട്രാഫിക് പോലീസിന്റെയോ രേഖാമൂലമുള്ള അനുമതി വാങ്ങാതെ നിർമാണം നടത്തിയ ഇൻസ്റ്റലേഷൻ അനുവദിക്കാനാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് നിലപാടെടുത്തിരുന്നു. എന്നാൽ ആലുവയിലെ വസ്ത്രശാല ചെലവ് വഹിക്കുകയും പരസ്യ നികുതി കിട്ടുകയും ചെയ്തതോടെ ഇൻസ്റ്റലേഷൻ മാറ്റാൻ നഗരസഭ തയാറായില്ല.
ജംഗ്ഷന്റെ ഒത്തനടുക്ക് സ്ഥാപിച്ചിരിക്കുന്ന ഇൻസ്റ്റലേഷനിൽ നിന്ന് രാത്രി ഉണ്ടാകുന്ന അമിത വെളിച്ചം കാരണം ഇവിടെയുള്ള രണ്ട് യു ടേണുകളിലുമാണ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പരാതി. റെയിൽവേ സ്റ്റേഷനിൽ നിന്ന് വരുന്നതും പോകുന്നതുമായ വാഹനങ്ങളെയാണ് പ്രധാനമായിത് ബാധിച്ചത്.
സബ് ജയിൽ റോഡിൽ നിന്ന് വരുന്ന വാഹനങ്ങളും റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ വന്ന ശേഷമാണ് ഹൈമാസ്റ്റ് ലൈറ്റ് ചുറ്റി പമ്പ് കവലയിലേക്ക് പോകുന്നത്. അതിശക്തമായ വെളിച്ചംമൂലം പരസ്പരം വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. ഇതിനെ തുടർന്നാണ് ചുവപ്പു നിറവും അമിത വെളിച്ചവും ഒഴിവാക്കാൻ നഗരസഭ തീരുമാനിച്ചത്.