പൈങ്ങോട്ടൂർ ടൗണ്‍ ചീഞ്ഞു നാറുന്നു
1466873
Wednesday, November 6, 2024 2:06 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂർ ടൗണിന്റെ ഹൃദയഭാഗത്ത് പലയിടങ്ങളിലും മാലിന്യക്കൂന്പാരം. ഏറ്റവും പ്രധാനഭാഗമായ ഹൈറേഞ്ച് ജംഗ്ഷനിലും പരിസരങ്ങളിലുമാണ് മാലിന്യങ്ങൾ ഏറ്റവും അധികമുള്ളത്. സമീപ പ്രദേശങ്ങളിലെ ഏറ്റവും വലിയ നാൽക്കവലയാണ് പൈങ്ങോട്ടൂർ ഹൈറേഞ്ച് ജംഗ്ഷൻ.
ഈ ജംഗ്ഷനിലെ കശാപ്പുശാലയിൽനിന്നുള്ള മാലിന്യങ്ങൾ മഴക്കാലത്ത് ദുർഗന്ധം പരത്തുന്നത് മൂലം മൂക്കു പൊത്തി മാത്രമേ ഇതുവഴി സഞ്ചരിക്കാനാകൂ. സമീപത്തുള്ള രണ്ടു ഷോപ്പിംഗ് കോംപ്ലക്സുകളുടെയും പിൻഭാഗങ്ങൾ പ്ലാസ്റ്റിക്, ഖരമാലിന്യ കൂന്പാരങ്ങളാണ്. പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ പരിസരം കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. ഗാന്ധി സ്ക്വയറിനു സമീപത്തുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ പിൻഭാഗത്ത് ഹോട്ടൽ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുമിഞ്ഞ് കൂടിയിരിക്കുന്നു.
രാത്രികളിൽ മദ്യപിക്കാനെത്തുന്നവരാണ് മാലിന്യങ്ങൾ അധികവും ഇവിടേക്ക് വലിച്ചെറിയുന്നതെന്നാണ് പരിസരവാസികൾ പറയുന്നു. മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചിത്വഗ്രാമം ആക്കുന്നതിന് പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്നും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.