നെടുങ്കണ്ടത്തെ ഭൂമി കൈയേറ്റത്തിനെതിരേ റവന്യു വകുപ്പ് നടപടി തുടങ്ങി
1509347
Wednesday, January 29, 2025 11:36 PM IST
നെടുങ്കണ്ടം: കൈലാസപ്പാറയിലെ ഭൂമി കൈയേറ്റത്തില്‍ റവന്യു വകുപ്പ് നടപടികള്‍ ആരംഭിച്ചു. നെടുങ്കണ്ടം ടൗണിന് സമീപത്തായി കൈലാസപ്പാറ മലനിരകള്‍ പൂര്‍ണമായും കൈയേറിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങൾ "ദീപിക' റിപ്പോർട്ടു ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് റവന്യു വകുപ്പ് നടപടികള്‍ ആരംഭിച്ചത്.
പാറ പുറമ്പോക്കും പുല്‍മേടുകളും പൂര്‍ണമായും കൈയേറിയാണ് ഇവിടെ സ്വകാര്യ വ്യക്തികള്‍ വേലി സ്ഥാപിച്ച് വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ച് പാറത്തോട് വില്ലേജ് ഓഫീസര്‍ മെമ്മോ നല്കി.
താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ ഭൂമി അളന്നു തിട്ടപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
മേഖലയില്‍ നിലവിലുള്ള പട്ടയ ഭൂമിയുടെ മറവിലാണ് കൈയേറ്റം നടന്നിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തും അനുമതി നല്‍കിയിട്ടില്ല.
റവന്യു പുറമ്പോക്ക് ഭൂമിക്കൊപ്പം നെടുങ്കണ്ടത്ത് എന്‍സിസിക്ക് അനുവദിച്ച ഭൂമിയില്‍ ഉള്‍പ്പെടെ കൈയേറ്റം നടന്നതായും സൂചനയുണ്ട്.