സിബിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നാട്
1508645
Sunday, January 26, 2025 7:09 AM IST
തൊടുപുഴ: റിട്ട.ബാങ്ക് ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ നാട്ടുകാരും ബന്ധുക്കളും. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു ഇന്നലെ കാറിനു തീപിടിച്ച് ദാരുണമായി മരിച്ച ഏഴല്ലൂർ പ്ലാന്റേഷൻ എരപ്പനാൽ ഇ.ബി. സിബി (60). അതിനാൽ സിബിയുടെ മരണത്തിൽ ദുരൂഹത സംശയിക്കുകയാണ് ഇവർ. ഒരിക്കലും സിബിക്കു ജീവനൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സാന്പത്തിക ബാധ്യതയോ മറ്റു പ്രശ്ങ്ങളോ ഉണ്ടായിട്ടില്ല. കുമാരമംഗലം സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന കാലത്തുൾപ്പെടെ എല്ലാവരുമായും നല്ല വ്യക്തിബന്ധവും സൗഹൃദവും കാത്തു സൂക്ഷിച്ചിരുന്നു.
വീട്ടിൽനിന്ന് ഇന്നലെ രാവിലെ സാധനങ്ങൾ വാങ്ങാനായാണ് തന്റെ പഴയ മാരുതി കാറുമായി സിബി ഇറങ്ങിയത്. സാധനങ്ങൾ വാങ്ങി നൽകി കുമാരമംഗലത്തിനു പോകുകയായിരുന്നു. പിന്നീടാണ് കാറിന് തീപിടിച്ച് സിബി മരിച്ചതായി വീട്ടുകാർ അറിയുന്നത്. കാറിന് എങ്ങനെയാണ് തീപിടിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഓട്ടത്തിനിടയിലല്ല കാറിനു തീപിടിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കു കയറ്റിയിട്ട നിലയിലാണ് കാർ കണ്ടെത്തിയത്. ആളൊഴിഞ്ഞപറന്പിൽ കാർ കത്തുന്നതു കണ്ട പ്രദേശവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഇവർ എത്തിയപ്പോഴേക്കും കാർ പൂർണമായും അഗ്നിക്കിരയായിരുന്നു.
കാർ കത്തുന്നതിനു മിനിറ്റുകൾക്ക് മുന്പ് സിബി വണ്ടിയോടിച്ചു പോവുന്നത് കണ്ടിരുന്നതായി നാട്ടുകാരിൽ ചിലർ പറഞ്ഞു. കാർ കത്തിയിടത്തുനിന്നു മൂന്നു കിലോമീറ്റർ മാത്രം ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതി ചെയ്യുന്നത്. ഇതിനിടെ സിബി സമീപത്തെ പന്പിലെത്തി വാഹനത്തിൽ ഇന്ധനം അടിച്ചശേഷം കുപ്പിയിൽ പെട്രോൾ വാങ്ങിയതായി പോലീസിനു വിവരം ലഭിച്ചു.
സിബിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളില്ലെന്നും കാർ കത്തിയുള്ള അപകടമാകാമെന്നും ഇക്കാര്യത്തിൽ ശാസ്ത്രീയമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കൾ പറയുന്നത്. കാറിൽനിന്ന് തീ ഉയർന്നപ്പോൾ ഒതുക്കി നിർത്തിയതാകാമെന്നും പുറത്തിറങ്ങാൻ കഴിയാതെ പോയതാകാമെന്നും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു.
സംഭവസ്ഥലത്തെത്തിയ ബന്ധുക്കളാണ് മൃതദേഹം സിബിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. കാറിന്റെ അപാകതയാണോയെന്നറിയാൻ മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും. ഫോറൻസിക് വിഭാഗം ഇന്നലെ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.