പന്നിയാർ പുഴയിൽ ഗൃഹനാഥൻ മുങ്ങിമരിച്ചു
1509344
Wednesday, January 29, 2025 11:36 PM IST
രാജാക്കാട്: പന്നിയാർ പുഴയിൽ ഗൃഹനാഥൻ മുങ്ങിമരിച്ചു. വെസ്റ്റ് മുക്കുടിൽ വള്ളാടിയിൽ ഷാജി (56) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 ന് കൂട്ടുകാർക്കൊപ്പം ചൂണ്ടയിടാൻ പോയതായിരുന്നു ഷാജി. ഇതിനിടയിൽ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ആഴം കൂടുതലുള്ള ഭാഗത്താണ് മുങ്ങിപ്പോയത്.
മീൻ പിടിക്കാനായി പുഴയിൽ കെട്ടിയിരുന്ന വലയിൽ കാൽ കുടുങ്ങിയതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല. കൂടെയുണ്ടായിരുന്നയാൾ അയൽവാസികളെ വിളിച്ച് വിവരം അറിയിച്ചതനുസരിച്ച് ഓടിയെത്തിയവർ പുഴയിൽനിന്നും മുങ്ങിയെടുത്ത് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു മാസം മുൻപ് ഇതേ സ്ഥലത്ത് സമീപവാസിയായ ഒരാൾ മുങ്ങിമരിച്ചിരുന്നു. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: സുധർമ. മക്കൾ: ദൃശ്യ, ദിവ്യ, ദേവിക. മരുമക്കൾ: മനേഷ്, മിഥുൻ.