ഗാന്ധി പ്രതിമ അനാച്ഛാദനം നാളെ
1509059
Tuesday, January 28, 2025 11:47 PM IST
ഇളംദേശം: ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള വണ്ണപ്പുറം എസ്ജെഎസ്വൈ വിപണന കേന്ദ്രം കോന്പൗണ്ടിൽ നിർമിച്ചിരിക്കുന്ന ഗാന്ധിപ്രതിമ അനാച്ഛാദനവും ഗാന്ധി സ്ക്വയർ പ്രഖ്യാപനവും മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ നാളെ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം അധ്യക്ഷത വഹിക്കും.
പി.ജെ. ജോസഫ് എംഎൽഎ പ്രതിമ അനാച്ഛാദനവും ഡീൻ കുര്യാക്കോസ് എംപി ഗാന്ധി സ്ക്വയർ പ്രഖ്യാപനവും നടത്തും. കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ മുഖ്യാതിഥിയാകും. പ്രമുഖ ഗാന്ധി പ്രചാരകനും പീസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യാ പ്രസിഡന്റും ഡിസൈനറുമായ ഡോ. ബിജു ജോസഫാണ് ശില്പി.
ഇന്ത്യയിലെന്പാടും ഗാന്ധി പ്രതിമ സ്ഥാപിച്ച ഡോ. ബിജുവിന്റെ 2807-ാമത്തെ പ്രതിമയാണ് വണ്ണപ്പുറത്ത് സ്ഥാപിക്കുന്നത്. സബർമതി ആശ്രമത്തിലെ മണ്ണും പ്രതിമ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി കൊല്ലപ്പെടുന്പോൾ കൂടെയുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറി വി. കല്യാണം, ഗാന്ധിജിയുടെ ചെറുമക്കളായ ഇള ഗാന്ധി, തുഷാർ ഗാന്ധി എന്നിവരുടെ ആദരവുകളും ഡോ. ബിജു ജോസഫിന് ലഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗവും ഗാന്ധി ദർശൻവേദി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. ആൽബർട്ട് ജോസ് നൽകിയ അപേക്ഷയിലാണ് ബ്ലോക്ക് പഞ്ചായത്ത് ഗാന്ധിസ്ക്വയർ പ്രഖ്യാപനത്തിനുള്ള തുടർനടപടികൾ സ്വീകരിച്ചത്.