നഗരസഭയിൽ എഇ ഇല്ല; കൗണ്‍സിലർമാർ സമരം നടത്തി
1508644
Sunday, January 26, 2025 7:09 AM IST
തൊടുപുഴ: നഗരസഭയിൽ അസിസ്റ്റന്റ് എൻജിനിയറെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിപക്ഷ കൗണ്‍സിലർമാരുടെ പ്രതിഷേധ സമരം. തൊടുപുഴ നഗരസഭയിൽ ഒൻപതു മാസത്തോളമായി അസിസ്റ്റന്റ് എൻജിനിയർ ഇല്ല. ജില്ലയിലെ 52 പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും എഇമാർ നിലവിലുണ്ട്. തൊടുപുഴ നഗരസഭയിൽ മാത്രമാണ് എഇയെ നിയമിക്കാത്തത്.
അസിസ്റ്റന്റ് എൻജിനിയർ ഇല്ലാത്തതിനാൽ നഗരസഭയിലെ പൊതുമരാമത്ത് ജോലികൾ ഒന്നും നടക്കാത്ത അവസ്ഥയാണ്. റോഡുകളുടെ മെയിന്റനൻസ് ജോലികൾ ഒന്നും തന്നെ ഇപ്പോൾ നടക്കുന്നില്ല. പല വാർഡുകളിലും നിർമാണം തുടങ്ങുന്നതിനായി റോഡുകൾ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്.
നിർമാണ പ്രവർത്തികൾ നടത്താൻ കരാറുകാർ തയാറുമാണ്. എന്നാൽ നിർമാണം നടത്തുന്നതിനു മുന്നോടിയായുള്ള നടപടികൾക്കായി അസിസ്റ്റന്റ് എൻജനിയർ വേണം. ഇക്കാര്യം പല തവണ കൗണ്‍സിൽ യോഗത്തിൽ കൗണ്‍സിലർമാർ ഉന്നയിച്ചെങ്കിലും വേണ്ടത്ര ഗൗരവത്തിൽ എടുക്കാൻ ചെയർപേഴ്സണ്‍ തയാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു തവണ എഇമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയിട്ടും തൊടുപുഴയിലേക്ക് ആളെ നിയമിച്ചില്ല. ജില്ലാ പഞ്ചായത്തിൽ എഇമാരുടെ എം പാനൽ ലിസ്റ്റ് ഉണ്ട്. അതിൽ നിന്നും താത്കാലികമായി ആളെ നിയമിക്കാനോ ചാർജ് നൽകാനോ കഴിയും. എന്നാൽ തൊടുപുഴയുടെ കാര്യത്തിൽ ഇതൊന്നും പരിഗണിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും കൗണ്‍സിലർമാർ പറഞ്ഞു. കെ.ദീപക് , സനീഷ് ജോർജ് ,ടി.എസ്. രാജൻ, ജിതേഷ് ഇഞ്ചക്കാട്ട്, മെർളി രാജു, നീനു പ്രശാന്ത്, കവിത വേണു, രാജി അജേഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.