പൊരിവെയിലിൽ തീപിടിത്തം വ്യാപകം
1509345
Wednesday, January 29, 2025 11:36 PM IST
തൊടുപുഴ: വേനൽ ശക്തി പ്രാപിച്ചതോടെ തീപിടിത്ത സാധ്യതകൾ വർധിച്ചു. പുല്ലുകളും കാടുകളും കരിഞ്ഞു തുടങ്ങിയതോടെ എവിടെയും ഏതു സമയത്തും തീപിടിത്തമുണ്ടാകാവുന്ന സ്ഥിതിയാണ്. തീപിടിത്തവുമായി ബന്ധപ്പെട്ട് പല മേഖലകളിൽനിന്നും നിരവധി കോളുകളാണ് അഗ്നിരക്ഷാസേനയെ തേടിയെത്തുന്നത്. സേനയുടെ കൃത്യമായ ഇടപെടൽമൂലമാണ് വലിയ ദുരന്തങ്ങളിലേക്കെത്താതെ തീയണയ്ക്കാനാകുന്നത്.
വേനലായതിനാൽ ചെറിയ തീപിടിത്തംപോലും വലിയ അഗ്നിബാധയ്ക്കു വഴിതെളിച്ചേക്കാമെന്ന് ഫയർഫോഴ്സ് അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം മുട്ടം സഹകരണ ബാങ്ക് കെട്ടിടത്തിൽ തീപിടിത്തമുണ്ടായിരുന്നു. സമീപത്തെ പുരയിടത്തിൽ തീയിട്ടതാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഫയർഫോഴ്സ്. മുട്ടത്ത് ഇന്നലെ പുകപ്പുരയ്ക്ക് തീപിടിച്ചും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. വെയിലിന്റെ കാഠിന്യമാണ് തീപിടിത്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നത്.
വെയിലിന്റെ കാഠിന്യംമൂലം ഉണങ്ങിയ പുല്ലിനും കാടുകൾക്കും പെട്ടെന്ന് തീപിടിക്കാനുള്ള സാധ്യതയേറെയാണ്. കൂടാതെ സാമൂഹികവിരുദ്ധരുടെ ഇടപെടലും പൊതുസ്ഥലത്തു ചപ്പുചവറുകൾ കൂട്ടിയിട്ടു കത്തിക്കുന്നതും തീ പടരാൻ കാരണമാകുന്നു. കനത്ത വെയിലും കാറ്റും തീ പെട്ടെന്നു പടർന്നുപിടിക്കാനും ഇടയാക്കുന്നുണ്ട്. പുറന്പോക്കിലും തുറസായ ഇടങ്ങളിലും പുരയിടങ്ങളിലും തീയുണ്ടാകുന്നതും പടരുന്നതും തടയാൻ എല്ലാവർക്കും ചുമതലയുണ്ടെന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ പറയുന്നു.
വേനൽക്കാലമായാൽ അഗ്നിരക്ഷാസേനയ്ക്കാണ് പിടിപ്പതു ജോലി. ദിവസേന നാലും അഞ്ചും കോളുകൾ സേനയെ തേടിയെത്തും. മലഞ്ചെരിവുകളിലോ ഉയർന്ന കുന്നിൻ പ്രദേശങ്ങളിലോ തീപിടിച്ചെന്ന സന്ദേശത്തോടെയാണ് ഫോണ് കോളുകൾ എത്തുന്നത്. പലപ്പോഴും ഫയർഫോഴ്സ് വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാത്ത ഇടത്താകും തീ പിടിത്തമുണ്ടാകുക. ഇവിടെ വെള്ളമെത്തിക്കാൻ കഴിയാത്തതിനാൽ മരക്കൊന്പുകളും മറ്റും ഉപയോഗിച്ച് തീ തല്ലിക്കെടുത്തുകയാണ് ചെയ്യുന്നത്.
ഇതിനിടെ വനാതിർത്തികളിൽ കാട്ടുതീ പടരുന്നതു തടയാനുള്ള ഫയർലൈൻ തെളിക്കൽ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും പല മേഖലകളിലും ഇത് പൂർണമായിട്ടില്ല. ഫണ്ടിന്റെ അപര്യാപ്തതയാണ് ഇത്തരം നടപടികൾക്ക് തടസമാകുന്നതെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. മുൻകാലങ്ങളിൽ വേനൽ ശക്തി പ്രാപിക്കുന്നതിനു മുന്പുതന്നെ ഫയർ ലൈൻ തെളിക്കൽ പോലെയുള്ള കാട്ടുതീ പ്രതിരോധ നടപടികൾ സ്വീകരിക്കാറുണ്ടായിരുന്നു.
അശ്രദ്ധമായി തീയിടുന്നതാണ് നിയന്ത്രണാതീതമായി പടരാൻ പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ചപ്പുചവറുകൾ കത്തിക്കുന്പോഴും കൃഷി ആവശ്യങ്ങൾക്കും മറ്റുമായി തീയിടുന്പോഴും ഇത് കഴിഞ്ഞു തീ കൃത്യമായി അണയ്ക്കണം. മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്പോഴും മറ്റും തീ മറ്റിടങ്ങളിലേക്കു പടരാതെ സൂക്ഷിക്കണം.
കത്തിയെരിയുന്ന വിറകുകഷണങ്ങൾ, സിഗരറ്റ് കുറ്റികൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്. വൈദ്യുതി ലൈനിൽ നിന്നു തീപ്പൊരി തെറിച്ച് തീപടർന്നു പിടിച്ച സംഭവങ്ങളുണ്ട്. മരച്ചില്ലകൾ വൈദ്യുതി ലൈനിൽ തട്ടുന്നുണ്ടെങ്കിൽ വിവരം കെഎസ്ഇബി അധികൃതരെ അറിയിച്ച് മുൻകരുതലുകൾ സ്വീകരിക്കണം. വലിയ തോട്ടങ്ങളിൽ കാടും പുല്ലും വെട്ടിത്തെളിച്ച്, തീ പടരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
മലങ്കരയിൽ പുകപ്പുരയ്ക്ക് തീപിടിച്ചു
മുട്ടം: മലങ്കര എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന ലയത്തിനോട് ചേർന്ന് ഒട്ടുപാൽ ഉണക്കുന്നതിനായി ഉപയോഗിച്ചിരുന്ന പുകപ്പുരയ്ക്ക് തീപിടിച്ചു. ഇന്നലെ രാവിലെ 11.20നാണ് തീപിടിത്തം ഉണ്ടായത്. രണ്ടര ടണ് ഒട്ടുപാലാണ് കത്തിനശിച്ചത്. രണ്ടര ലക്ഷം രൂപയുടെ ഒട്ടുപാലും കെട്ടിടങ്ങൾക്കും മറ്റുമായി ഒരു ലക്ഷം രൂപയുടെയും നഷ്ടവും കണക്കാക്കുന്നു
ആളിക്കത്തിയ തീയിൽനിന്നും അടുപ്പിനോട് ചേർന്നുള്ള ആറു മുറികളുള്ള ലയത്തിലേക്ക് തീ പടരുകയായിരുന്നു. അഞ്ചു മുറികളിലും താമസക്കാർ ഉണ്ടായിരുന്നു. സമീപത്ത് കൂട്ടിയിട്ടിരുന്ന വിറകിനും സമീപത്തെ രണ്ടു പ്ലാവിനും തീപിടിച്ചിരുന്നു. പെട്ടെന്ന് തീയണച്ചതിനാൽ മറ്റു ലയങ്ങളിലേക്ക് തീപടരാതെ അണയ്ക്കുവാൻ സാധിച്ചു.
തൊടുപുഴ ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ജയിംസ് പുന്നൻ, ജയിസ് സാം ജോസ്, എസ്. ശരത്, ടി.കെ. വിവേക്, വി.ബി. സന്ദീപ്, ജസ്റ്റിൻ ജോയ് ഇല്ലിക്കൽ, രാജീവ് ആർ. നായർ, കെ.എസ്. അബ്ദുൾ നാസർ, പി.കെ. ഷാജി എന്നിവരും നാട്ടുകാരും തൊഴിലാളികളും സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.