ജില്ലയിൽ വനവിസ്തൃതി വർധിപ്പിച്ച് കുടിയിറക്കിന് നീക്കമെന്ന്
1509341
Wednesday, January 29, 2025 11:36 PM IST
തൊടുപുഴ: ജില്ലയിൽ വനവിസ്തൃതി വർധിപ്പിച്ച് ജനങ്ങളെ കുടിയിറക്കാൻ ഗൂഢാലോചന നടക്കുന്നതായി യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. അനാവശ്യ ഭൂപ്രശ്നങ്ങൾ സൃഷ്ടിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ പിണറായി സർക്കാർ നിലപാടുകൾക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോരസമര ജാഥയ്ക്ക് ഫെബ്രുവരി ഒന്നിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകുന്നതിനുള്ള ഒരുക്കം പൂർത്തിയായതായും ഇവർ അറിയിച്ചു.
1964-ലെ ചട്ടമനുസരിച്ച് സംസ്ഥാനത്ത് പട്ടയം നൽകിയിരിക്കുന്ന ഭൂമിയിൽ ഇടുക്കി ഒഴികെ മറ്റു ജില്ലകളിൽ നടത്തിയിരിക്കുന്ന നിർമിതികൾക്കോ നിർമാണങ്ങൾ നടത്തുന്നതിനോ യാതൊരു തടസവുമില്ലാതിരിക്കെ ഇടുക്കിയിൽ മാത്രം നിർമിച്ച കെട്ടിടങ്ങൾ നിയമവിരുദ്ധമാക്കിയും കെട്ടിടനിർമാണ നിരോധനം ഏർപ്പെടുത്തിയും സർക്കാർ ജില്ലയിലെ ജനങ്ങളോടു കാണിക്കുന്ന വിവേചനത്തിനും അനീതിക്കും എതിരായാണ് ജാഥ. നിലവിലുള്ള നിയമമനുസരിച്ച് നടത്തിയിട്ടുള്ള നിർമാണങ്ങൾ വീണ്ടും ക്രമവത്കരിക്കണമെന്ന പേരിൽ പിഴ ചുമത്തി ഹൈറേഞ്ച് ജനതയെ ചൂഷണം ചെയ്യാൻ യുഡിഎഫ് അനുവദിക്കില്ല.
റവന്യു ഭൂമി റിസർവ് വനങ്ങളായി പ്രഖ്യാപിച്ച് വനവിസ്തൃതി വർധിപ്പിച്ച് ജനങ്ങളെ കുടിയിറക്കാനുള്ള നടപടിക്ക് യാതൊരു ന്യായീകരണവുമില്ല. ഈ ഉത്തരവുകൾ സർക്കാർ അടിയന്തരമായി പിൻവലിക്കണം. സിഎച്ച്ആർ വനഭൂമിയാണെന്ന തീരുമാനം മാറ്റി റവന്യു ഭൂമിയാണെന്ന ശക്തമായ നിലപാട് സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനം ഏറ്റവും വലിയ കുടിയിറക്കിനു സാക്ഷ്യംവഹിക്കേണ്ടസാഹചര്യമുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.
ഫെബ്രുവരി ഒന്നിന് രാവിലെ പത്തിന് അടിമാലി, ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന, അഞ്ചിന് കുമളി എന്നിങ്ങനെയാണ് സ്വീകരണപരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്നും ഇവർ അറിയിച്ചു.
യോഗങ്ങളിൽ യുഡിഎഫ് സംസ്ഥാന നേതാക്കളായ രമേശ് ചെന്നിത്തല എംഎൽഎ, പി.ജെ. ജോസഫ് എംഎൽഎ, എം. എം. ഹസൻ, ഡീൻ കുര്യാക്കോസ് എംപി, കെ.എം. ഷാജി, ഷിബു ബേബി ജോണ്, അനൂപ് ജേക്കബ് എംഎൽഎ, സി.പി. ജോണ്, രാജൻ ബാബു തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എം.എ. ഷുക്കൂർ, എൻ.ഐ. ബെന്നി, വർഗീസ് വെട്ടിയാങ്കൽ, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.