മുള്ളരിങ്ങാട്ട് വീണ്ടും കാട്ടാനക്കൂട്ടം
1508806
Monday, January 27, 2025 11:59 PM IST
തൊടുപുഴ: മുള്ളരിങ്ങാടിനെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനകൾ. ജനവാസ മേഖലയ്ക്കു സമീപം കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൃഷിയിടത്തിലിങ്ങിയ കാട്ടാന വാഴത്തോട്ടം നശിപ്പിച്ചു. മുള്ളരിങ്ങാട് -തലക്കോട് റോഡരികിൽ പനംകുഴിതോടിനു സമീപമാണ് വനാതിർത്തി വേർതിരിക്കുന്ന ഫെൻസിംഗിനു സമീപം കാട്ടാനകൾ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇതു കടന്ന് ഏതു സമയവും ആനകൾ എത്തുമെന്നാണ് ജനങ്ങളുടെ ഭയം. നേരത്തേ ഈ റൂട്ടിൽ ഇരുചക്ര വാഹനത്തിനു നേരെ കാട്ടാന പാഞ്ഞടുത്തതിനെത്തുടർന്ന് യാത്രക്കാരനു വീണു പരിക്കേറ്റിരുന്നു. ഏതാനും ദിവസം മുന്പ് കാട്ടാന ആക്രമണത്തിൽ അമൽ ഇബ്രാഹിം എന്ന യുവാവ് കൊല്ലപ്പെട്ട അമയൽത്തൊട്ടിക്കു സമീപമാണ് വീണ്ടും കാട്ടാനകൾ എത്തിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ മ്ലാവടി കീഴ്മുറി തോമസിന്റെ കൃഷിയിടത്തിലാണ് കാട്ടാന നാശം വിതച്ചത്. രാവിലെ മുതൽത്തന്നെ മ്ലാവടി ഭാഗത്ത് ആനകൾ തന്പടിച്ചിട്ടുണ്ടായിരുന്നു. ഇവിടെ നിന്നാണ് ഒരാന ഫെൻസിംഗ് ഇല്ലാത്ത ഭാഗംവഴി ജനവാസ മേഖലയിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്. ഇതിനിടെ ആനയെ പ്രദേശത്തുനിന്നു തുരത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസി മുള്ളരിങ്ങാട് വനംവകുപ്പ് ഓഫീസിനു മുന്നിൽ കിടന്ന് പ്രതിഷേധ സമരം നടത്തി. വാട്ടപ്പള്ളിൽ ഡെന്നിയാണ് വീടിനു സമീപത്തുനിന്ന് ആനയെ തുരത്തണമെന്ന ആവശ്യവുമായി സമരം നടത്തിയത്.
ഫെൻസിംഗിന് അപ്പുറമാണ് ആനകൾ തന്പടിച്ചിരിക്കുന്നതെങ്കിലും ഇവ ജനവാസ മേഖലയിലേക്ക് കടന്നു വരാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി കാലങ്ങളിൽ നാട്ടുകാർ തീ കൂട്ടിയും പടക്കംപൊട്ടിച്ചുമാണ് ഇപ്പോൾ ആനകളെ പ്രദേശത്തുനിന്ന് അകറ്റുന്നത്. വനംവകുപ്പ് വാച്ചർമാരും ആർആർടി സംഘവും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ തത്കാലം പ്രദേശത്തുനിന്നു മാറുന്ന ആനകൾ വീണ്ടും ഇവിടേക്കുതന്നെ തിരികെ വരുന്ന സ്ഥിതിയാണ്. വീടുകൾക്ക് സമീപംവരെയാണ് ആനകളെത്തി നിൽക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ആനകളെ ഉൾക്കാട്ടിലേക്കു തുരത്തുന്ന കാര്യത്തിൽ വനംവകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണു നാട്ടുകാരുടെ ആരോപണം.
ജനവാസ മേഖലയും വനവും വേർതിരിക്കുന്ന മേഖലയിൽ പൂർണമായും ഫെൻസിംഗ് സ്ഥാപിച്ചിട്ടില്ല. നിലവിൽ സ്ഥാപിച്ചിരിക്കുന്ന വേലിയും ഫലവത്തല്ലെന്ന ആക്ഷേപവും ഉണ്ട്. ചുള്ളിക്കണ്ടം മുതൽ കൊക്കിപ്പാറ വരെയുള്ള ഒൻപതു കിലോമീറ്റർ ദൂരത്താണ് ഫെൻസിംഗ് വേണ്ടത്. എന്നാൽ നാലു കിലോമീറ്റർ ദൂരം മാത്രമാണ് ഫെൻസിംഗ് സ്ഥാപിച്ചിരിക്കുന്നത്. ബാക്കി ഭാഗത്തു കൂടെ ആനകൾക്ക് ജനവാസ മേഖലകളിലേക്ക് കടക്കാൻ കഴിയും. വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമായതും മലയോര മേഖലകളിൽ കാട്ടുതീയിടുന്നതും ആനകൾ ജനവാസ മേഖലകളിലേക്കു കടക്കാൻ കാരണമായി പറയുന്നുണ്ട്.
മുള്ളരിങ്ങാട്ടെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫെൻസിംഗ് നിർമാണത്തിനായി പി.ജെ. ജോസഫ് എംഎൽഎയുടെ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും ഡീൻ കുര്യാക്കോസ് എംപി എട്ടു ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ ഫണ്ട് അനുവദിച്ചെങ്കിലും ഇതിനായി എസ്റ്റിമേറ്റ് തയാറാക്കുക മാത്രമാണ് ചെയ്തത്. വനംവകുപ്പ് തയാറാക്കിയ എസ്റ്റുമേറ്റു പ്രകാരം ഫെൻസിംഗ് നിർമാണത്തിന് ചെലവു കൂടുമെന്നതിനാലാണ് ഇപ്പോൾ നടപടികൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്.