ഇരവികുളം നാഷണൽ പാർക്കിൽ സന്ദർശകർക്കു വിലക്ക്്
1508799
Monday, January 27, 2025 11:59 PM IST
മൂന്നാർ: ഇരവികുളം നാഷണൽ പാർക്കിൽ ഫെബ്രുവരി ഒന്നു മുതൽ സന്ദർശകർക്ക് താത്കാലികമായി വിലക്ക് ഏർപ്പെടുത്തും. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ചാണ് പാർക്ക് താത്കാലികമായി അടയ്ക്കുന്നത്. നവജാത വരയാട്ടിൻകുട്ടികളെ കണ്ടെത്തിയതിനെത്തുടർന്നാണ് പാർക്ക് അടയ്ക്കുന്നത്. മാർച്ച് 30 വരെയാണ് താത്കാലിക വിലക്ക്.
ഏപ്രിൽ ഒന്നു മുതൽ സന്ദർശകർക്ക് പാർക്കിൽ പ്രവേശിക്കാം. ജനുവരിയുടെ രണ്ടാം പാദം മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിലാണ് വരയാടുകളുടെ പ്രസവകാലം. അപൂർവ ഇനമായ വരയാടുകൾക്ക് പ്രസവസമയത്ത് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് പാർക്ക് അടച്ചിടുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ പ്രജനനം പൂർത്തിയാകാത്ത പക്ഷം പാർക്ക് വീണ്ടും തുറക്കുന്ന തീയതിയിൽ മാറ്റം വന്നേക്കും. കഴിഞ്ഞ നാലുവർഷത്തെ കണക്കനുസരിച്ച് വംശനാശം നേരിട്ടിരുന്ന വരയാടുകളിൽ ഗണ്യമായി വർധനയുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. കഴിഞ്ഞ നാലുവർഷങ്ങളിൽ ശരാശരി 70 മുതൽ 100 വരെ വരയാട്ടിൻകുട്ടികൾ പിറക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തണുത്തുറഞ്ഞ്
മൂന്നാർ
മൂന്നാർ: രണ്ടാഴ്ചയ്ത്തെ ഇടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും തണുപ്പെത്തി. ഡിസംബറിന്റെ അവസാന നാളുകളിലും ജനുവരിയുടെ തുടക്കത്തിലും താപനില ഏറ്റവും കുറഞ്ഞ അളവിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി തണുപ്പ് കൂടുതലായി അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ, ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ തണുപ്പ് പൂജ്യം ഡിഗ്രിവരെ താഴ്ന്നു.
ലോക്കാട്, ദേവികുളം എന്നിവിടങ്ങളിലായിരുന്നു തണുപ്പ് പൂജ്യത്തിലെത്തിയത്. സെവൻമല, ലക്ഷ്മി, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയായിരുന്നു ഏറ്റവും കുറഞ്ഞ താപനില. മാട്ടുപ്പെട്ടി, കുണ്ടള, ചെണ്ടുവര തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ തണുപ്പായിരുന്നു അനുഭവപ്പെട്ടത്. ലക്ഷ്മി എസ്റ്റേറ്റിലെ ചില പ്രദേശങ്ങൾ മഞ്ഞുമൂടിയ നിലയിലായിരുന്നു. വീണ്ടും തണുപ്പ് എത്തിയതോടെ മൂന്നാറിലേക്കുള്ള സന്ദർശകരുടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.