ആലടിയിൽ പുലിയിറങ്ങിയെന്ന് നാട്ടുകാർ
1509063
Tuesday, January 28, 2025 11:47 PM IST
ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ആലടിയിൽ പുലിയിറങ്ങിയെന്നു നാട്ടുകാർ. ബുധനാഴ്ച പുലർച്ചെ 1.30ഓടെ ചോങ്കര റിന്റു ചാക്കോയാണ് പുലിയുടേതെന്നു സംശയിക്കുന്ന ജീവിയെ കണ്ടത്. മേരികുളം പള്ളി തിരുനാളിന്റെ അലങ്കാര ജോലിക്കുശേഷം സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീടിനു മുന്നിൽ എത്തിയപ്പോഴാണ് തൊട്ടടുത്ത വീടിനു മുന്നിൽ രണ്ടു മൃഗങ്ങൾ നിൽക്കുന്നതു കണ്ടത്. ഉടൻ തന്നെ വാഹനം നിർത്തി മതിൽ ചാടിക്കടന്ന് വീട്ടിൽ കയറി.
തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് ഫോണ് ചെയ്തു. 15 മിനിറ്റു കഴിഞ്ഞപ്പോൾ ഉപ്പുതറയിൽനിന്ന് പോലീസെത്തി. പോലീസ് അറിയിച്ചതിനെത്തുടർന്ന് കാഞ്ചിയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിസരത്ത് പരിശോധന നടത്തിയെങ്കിലും ജീവിയെ കാണ്ടെത്താൻ കഴിഞ്ഞില്ല. പുലിയുടേതെന്നു കരുതുന്ന കാൽപാടുകൾ കണ്ടെത്തി.
കാൽപ്പാടുകൾ പുലിയുടേതാണെന്ന് പോലീസും നാട്ടുകാരും സംശയിക്കുന്നു. എന്നാൽ, കാട്ടുപന്നിയുടെ കാൽപ്പാടാണെന്ന് വനം വകുപ്പ് പറയുന്നു. പുലിയേയാണ് കണ്ടതെന്നു റിന്റോ ഉറപ്പിച്ചു പറയുന്നു. ഒന്നു വലുതും ഒന്നു ചെറുതുമായിരുന്നു.
മുൻ വർഷങ്ങളിൽ പഞ്ചായത്തിലെ ഡോർ ലാന്റ്, ആറേക്കർ, പൂവന്തിക്കുടി എന്നിവിടങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വനംവകുപ്പിന്റെ നിരീക്ഷണം പ്രദേശത്ത് ഉണ്ടാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.