ജില്ലയിൽ നിരവധി ടൂറിസം പദ്ധതികൾക്ക് രൂപരേഖ
1509057
Tuesday, January 28, 2025 11:47 PM IST
ഇടുക്കി: ജില്ലയുടെ ടൂറിസം രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പൊതുസ്വകാര്യ പങ്കാളിത്തം വ്യാപകമാക്കാൻ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ ടൂറിസം കൗണ്‍സിൽ എക്സിക്യൂട്ടീവ് സമിതി യോഗമാണ് തീരുമാനമെടുത്തത്. അന്തർദേശീയ ടൂറിസ്റ്റുകളെയും തദ്ദേശീയരെയും ലക്ഷ്യമിട്ട് ജില്ലയുടെ ടൂറിസം പ്ലാൻ തയാറാക്കേണ്ടതുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഓണ്‍ലൈനായി വിവരങ്ങൾ നൽകുന്നതിന് മൊബൈൽ ആപ്പ് തയറാക്കണം. ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് യൂണിഫോം നൽകുന്നത് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
1.38 കോടി ചെലവഴിച്ച് നിർമിച്ച പീരുമേട് ഇക്കോ ലോഡ്ജ് ഉദ്ഘാടനത്തിനു തയാറായെന്ന് ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് അറിയിച്ചു.
മൂന്നു കോടി ചെലവിട്ട് നിർമിച്ച ഇടുക്കി കുടിയേറ്റ സ്മാരകത്തിന്റെ ഒന്നാം ഘട്ടം നിർമാണവും പൂർത്തിയായി. പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ നിർത്തിവച്ചിരുന്ന നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 3.82 കോടി ചെലവിൽ ഇടുക്കി യാത്രി നിവാസിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും സെക്രട്ടറി പറഞ്ഞു.
പരുന്തുംപാറ ടൂറിസം കേന്ദ്രം ,വാഗമണ്ണിലെ വരാട്ടുമേട് വ്യൂ പോയിന്റ് , പാണ്ടിപ്പാറ വ്യൂ പോയിന്റ്, ഇടുക്കി ആർച്ച് ഡാമിന്റെ കാഴ്ച കാണാൻ സാധിക്കുന്ന വ്യൂ പോയിന്റ്, നാടുകാണി പവലിയനിൽനിന്നു മൂലമറ്റത്തേയ്ക്ക് റോപ്പ് കാർ, കാഞ്ഞാർ എംവിഐപി ടൂറിസം പദ്ധതി, വടക്കേപ്പുഴ ഡൈവേർഷൻ പ്രദേശത്ത് ബോട്ടിംഗ്, ഇലവീഴാപ്പൂഞ്ചിറ വ്യൂ പോയിന്റ് , കെഎസ്ഇബിയുടെ സഹകരണത്തോടെ അഞ്ചുരുളിയിൽ ടൂറിസ്റ്റ് കേന്ദ്രം എന്നിവയാണ് പുതിയ സാധ്യതാ പദ്ധതികളായി കണ്ടെത്തിയത്.
അരുവിക്കുഴിയിൽ ടൂറിസം പദ്ധതി, ഇടുക്കി പാർക്കിൽ കുട്ടികളുടെ പാർക്ക്, ശ്രീനാരായണപുരത്ത് ജലസാഹസിക വിനോദങ്ങൾ, രാമക്കൽമേട്ടിൽ കുട്ടികളുടെ പാർക്ക്, മൂന്നാർ മുതിരപ്പുഴയിൽ നടപ്പാത, ഫുഡ് സ്ട്രീറ്റ് എന്നിവയും സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നത് ജില്ലാ ടൂറിസം കൗണ്‍സിലിന്റെ പരിഗണനയിലാണ്.
എ. രാജ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, സി.വി. വർഗീസ് എന്നിവർ പങ്കെടുത്തു.