വനമേഖലയിൽ കാട്ടുതീ പടർന്നു
1509060
Tuesday, January 28, 2025 11:47 PM IST
മൂന്നാർ: വന മേഖലയിൽ തീ പടരുന്നു. മൂന്നാറിലെ കുട്ടിയാർവാലി - സൈലന്റ് വാലി റോഡിനോടു ചേർന്ന വനം കത്തിയമർന്നു. അജ്ഞാതരായ വ്യക്തികൾ തീയിട്ടതാകാമെന്നാണു സംശയിക്കുന്നത്. മൂന്നാർ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. യൂക്കാലിപ്റ്റസ് വനമാണ് കത്തി നശിച്ചത്. മഞ്ഞുവീണ് പുല്ലും ചെടികളുമെല്ലാം ഉണങ്ങി നിന്നതിനാൽ തീ പെട്ടെന്ന് പടരുന്നതിനു കാരണമായി.
അഗ്നിശമനസേന എത്താൻ പ്രയാസമുള്ള സ്ഥലങ്ങളിൽ കെഡിഎച്ച്പി കന്പനിയുടെ ട്രാക്ടറിൽ വെള്ളമെത്തിച്ചാണ് തീയണച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വലിയ രീതിയിൽ വനസന്പത്ത് നഷ്ടമാകുന്നത് ഒഴിവാക്കാനായി. കൂടുതൽ തീ പടർന്നു പിടിച്ചിരുന്നുവെങ്കിൽ ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭീഷണി ഉണ്ടാകുമായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഞ്ഞുവീഴ്ച ശക്തമായതിനാൽ കരിഞ്ഞുണങ്ങിയ പ്രദേശങ്ങളിൽ കാട്ടുതീ പടർന്നു പിടിക്കാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.