ഇടുക്കിയിലെ വനവ്യാപന നീക്കങ്ങൾ ഉപേക്ഷിക്കണം: കത്തോലിക്ക കോൺഗ്രസ്
1508796
Monday, January 27, 2025 11:59 PM IST
ചെറുതോണി: പെരുകിവരുന്ന വന്യജീവി ആക്രമണ കൊലകളുടെ പശ്ചാത്തലത്തിൽ വിസ്തൃതിയുടെ 50 ശതമാനത്തിലധികം വനമായി സംരക്ഷിക്കുന്ന ഇടുക്കി ജില്ലയിൽ കൂടുതൽ പ്രദേശങ്ങൾ വനമാക്കി മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് നെടുങ്കണ്ടത്ത് ചേർന്ന കത്തോലിക്ക കോൺഗ്രസ് നേതൃസംഗമം ആവശ്യപ്പെട്ടു.
ജില്ലയുടെ കാർഷിക ടൂറിസം മേഖലകളിലെ വികസനങ്ങൾ തകിടം മറിക്കും വിധം ജില്ലയിൽ കൂടുതൽ പ്രദേശങ്ങൾ വനമാക്കി മാറ്റാനുള്ള സർക്കാർ നീക്കം ജില്ലയിലെ മലയോര ജനതയോടുള്ള വെല്ലുവിളിയാണെന്ന് യോഗം ആരോപിച്ചു.
കാർഷിക രംഗത്തെ തളർച്ചയും തകർച്ചയും മൂലം ഗതികേടിലായ മലയോര ജനതക്കുമേൽ പശ്ചിമഘട്ട വനസംരക്ഷണം, പരിഹാര വനവൽക്കരണം, നിർമാണ നിരോധനം, പട്ടയ പ്രശ്നങ്ങൾ, മുല്ലപ്പെരിയാർ ഡാം തുടങ്ങി ദുരിതവും ഭീഷണിയും നിയമക്കുരുക്കുകളും അടിച്ചേൽപ്പിക്കുകയാണ്.മലയോര മേഖലകളിൽ ഉയരുന്ന ശക്തമായ പ്രതിഷേധം സർക്കാർ കണ്ടില്ലെന്നു നടിക്കരുതെന്ന് യോഗം മുന്നറിയിപ്പു നൽകി.
നെടുങ്കണ്ടം ഫൊറോനക്ക് കീഴിലുള്ള പത്തോളം ഇടവകകളിൽ നിന്നുള്ള സമുദായ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് കരിവേലിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് ഫോറം കോർഡിനേറ്റർ അഡ്വ. വി.എം. ജോയ്, മുൻ പ്രസിഡന്റ് പി.ടി. ചാക്കോ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ അഡ്വ . ജോഷി വട്ടമല - പ്രസിഡന്റ് മജു കിഴക്കുംതറ - സെക്രട്ടറി, ജോസഫ് ചാക്കോ പുത്തൂർ -ട്രഷറർ, ബെന്നി കൊച്ചുപറമ്പിൽ, റോസമ്മ പുളിക്കീഴേ - വൈസ് പ്രസിഡന്റുമാർ, ഷാജി കൂനാനിക്കൽ, എം.ജെ മാത്യു മുത്തനാട് -രൂപത പ്രതിനിധികൾ, ബിജു ആന്റണി, സെബാസ്റ്റ്യൻ അടപ്പുകല്ലിൽ - ജോ. സെക്രട്ടറിമാർ, തോമസ് കണ്ണംപറമ്പിൽ, ബെന്നി ജോസഫ്, ഷാജൻ ചാക്കോ അഡ്വ . ക്രിസ്റ്റോ ഡൊമിനിക്, വി.ജെ കുര്യൻ, ജോസഫ് വർക്കി എന്നിവർ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.