ആരോഗ്യമുള്ള യുവതലമുറയ്ക്കായി കരുതൽ വേണം: മന്ത്രി റോഷി അഗസ്റ്റിൻ
1509343
Wednesday, January 29, 2025 11:36 PM IST
ചെറുതോണി: കായിക വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പ്രൈമറി വിദ്യാർഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ ‘ഹെൽത്തി കിഡ്സ്’ പദ്ധതിയുടെ ഉദ്ഘാടനം വാഴത്തോപ്പ് ഗവ. എൽപി സ്കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ആരോഗ്യമുള്ള യുവതലമുറയ്ക്കായി ചെറുപ്പം മുതൽ കരുതൽ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സർക്കാർ തലത്തിൽ നിയോജകമണ്ഡല അടിസ്ഥാനത്തിൽ കായിക വകുപ്പ് മുഖേന പദ്ധതികൾ നടപ്പിലാക്കി വരികയാണ്.
ഇടുക്കി നിയോജകമണ്ഡലത്തിൽ രണ്ടു സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രൈമറി തലം മുതൽ കായികാഭിരുചി കുട്ടികളിൽ വളർത്തുകയെന്ന ലക്ഷ്യമാണ് പദ്ധതിക്ക്. സംസ്ഥാനത്തെ 14 ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട 55 വിദ്യാലയങ്ങളിലാണ് പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നത്. വരും വർഷങ്ങളിൽ കേരളത്തിലെ മറ്റു പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ആലീസ് ജോസ്, ഹെൽത്തി കിഡ്സ് കോ-ഓർഡിനേറ്റർ ഹരി പ്രഭാകരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജി ചാക്കോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഏലിയാമ്മ ജോയി, സ്കൂൾ ഹെഡ്മിസ്ട്രസ് ഷീലു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.