നെടുങ്കണ്ടത്ത് വൻ ഭൂമികൈയേറ്റം
1508641
Sunday, January 26, 2025 7:09 AM IST
നെടുങ്കണ്ടം: കൈലാസപ്പാറയിൽ നൂറു കണക്കിന് ഏക്കർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ വേലി കെട്ടി തിരിച്ചതായി ആക്ഷേപം. നെടുങ്കണ്ടം കൈലാസപ്പാറയിലെ ഒബ്സർവേറ്ററി മലനിരകൾ പൂർണമായും കൈയേറിയാണ് വിവിധ നിർമാണ പ്രവർത്തങ്ങൾ നടക്കുന്നത്. മലമുകളിലൂടെയുള്ള പാതയുടെ ഇരുവശത്തും വേലി നിർമിച്ച് സ്വകാര്യ ഭൂമിയെന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
വേലിയുടെ ഇരുവശത്തും പാറ പുറന്പോക്കും പുൽമേടുകളും നിറഞ്ഞ മേഖലയാണ്. സഹ്യപർവത നിരയുടെ നാലു വശത്തേയ്ക്കുമുള്ള കാഴ്ചയും അതിവിശാലമായ ആകാശകാഴ്ചയും ലഭിക്കുന്ന മേഖലയുടെ ടൂറിസം സാധ്യതകൾ മുന്നിൽ കണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അമൃത് കൈലാസ് വെൽനസ് വില്ലേജ് എന്ന ബോർഡും വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട് .
മുൻപ് കൈലാസപാറയിലെ ഏതാനും ഏക്കർ ഭൂമിയിൽ എൻസിസി കേഡറ്റ് പരിശീലന കേന്ദ്രം ആരംഭിക്കാൻ പദ്ധതി ഒരുക്കിയിരുന്നു. എന്നാൽ ഭൂമിയുടെ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു .
എൻസിസിക്കായി കണ്ടെത്തിയ ഭൂമിയും ചുറ്റുമുള്ള ഏക്കർ കണക്കിനു ഭൂമിയും വേലികെട്ടി തിരിച്ചാണ് നിലവിലെ കൈയേറ്റം. നിരവധി സഞ്ചാരികൾ എത്തുന്ന മേഖല കൂടിയാണ് ഇവിടം. എന്നാൽ, പുൽമേടുകളിലേക്കും വ്യൂ പോയിന്റുകളിലേക്കും സഞ്ചാരികൾക്ക് പ്രവേശിക്കാൻ ആവാത്തവിധമാണ് വേലി സ്ഥാപിച്ചിരിക്കുന്നത്.
ചൊക്രമുടിക്ക് സമാനമായ രീതിയിൽ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മലനിരകളെ പൂർണമായും കൈവശപ്പെടുത്തിയാണ് കൈലാസപ്പാറയിലും കൈയേറ്റം നടന്നിരിക്കുന്നത്. എന്നാൽ, ഉടുമ്പഞ്ചോല താലൂക്ക് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നെടുങ്കണ്ടം ടൗണിനോട് ചേർന്ന് വൻ ഭൂമി കൈയേറ്റം നടന്നിട്ടും റവന്യൂ വകുപ്പ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.